പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: രണ്ട് വാഹനങ്ങള്‍ പിടികൂടി
കല്‍പ്പറ്റ: കേരളത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധ കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള രണ്ട് കോടിയോളം വിലമതിക്കുന്ന റെയിഞ്ച് റോവര്‍ കാറും, 62 ലക്ഷം വിലയുള്ളതും പോണ്ടിച്ചേരി രജിസ്‌ട്രേഷനായി നടപടി ക്രമങ്ങള്‍ നടന്നുവരുന്നതുമായ ബെന്‍സ് കാറുമാണ് പിടിച്ചെടുത്തത്.
എം.വി.ഐ യൂസഫിന്റെ നേതൃത്വത്തിലാണ് ഇരു വാഹനങ്ങളും പിടിച്ചെടുത്തത്. രണ്ട് വാഹനങ്ങളില്‍ നിന്നുമായി 40 ലക്ഷത്തോളം പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിനു പുറത്ത് നികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെ നികുതിയടക്കാന്‍ പല തവണ ഇളവുകളോടെയുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ നികുതി അടയ്ക്കാന്‍ വാഹന ഉടമകള്‍ വിമുഖത തുടരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ പത്മകുമാര്‍ ആര്‍.ടി.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വാഹനങ്ങള്‍ വയനാട് ആര്‍.ടി.ഒ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുക്കം സ്വദേശിയുടെ രണ്ട് കോടിയോളം വിലവരുന്ന റെയ്ഞ്ച് റോവര്‍ കാര്‍ മീനങ്ങാടിയില്‍ വെച്ച് പിടികൂടിയിരുന്നു. വാഹനം പിടികൂടിയ സ്ഥിതിക്ക് കേരളത്തില്‍ അടക്കേണ്ട ടാക്‌സ് തുകയായ 30 ലക്ഷത്തോളം അടയ്ക്കാമെന്ന് വാഹനത്തിന്റെ ഉടമ രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനം വിട്ട് നല്‍കിയത്.
സമാന രീതിയില്‍ മാനന്തവാടിയില്‍ വെച്ച് കഴിഞ്ഞ ദിവസം 62 ലക്ഷം വിലമതിക്കുന്ന ബെന്‍സും പിടികൂടിയിരുന്നു. വരും ദിനങ്ങളിലും അന്യസംസ്ഥന രജിസ്‌ട്രേഷനുമായി നികുതി വെട്ടിപ്പ് നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."