ദലിതന്റെ വീട്ടിലെ ഭക്ഷണത്തിന് അയിത്തം; അണയാതെ പ്രതിഷേധം
നീലേശ്വരം: നാടക കലാകാരനും പട്ടികവര്‍ഗ വിഭാഗക്കാരനുമായ പരപ്പ തുമ്പ കോളനിയിലെ രാമകൃഷ്ണന്റെ വീടു പണിക്കെത്തിയ തൊഴിലാളികള്‍ ഭക്ഷണത്തിന് അയിത്തം കല്‍പിച്ച 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു.
യുവകലാ സാഹിതി
നാടക കലാകാരന്‍ രാമകൃഷ്ണണന്റെ വീട്ടില്‍ ഭക്ഷണത്തിനു അയിത്തം കല്‍പ്പിച്ച സംഭവത്തില്‍ യുവകലാസാഹിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവം സാംസ്‌കാരിക കേരളത്തിനേറ്റ അപമാനമാണെന്നും യോഗം വിലയിരുത്തി. ഡോ. വിപിന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ജയന്‍ നീലേശ്വരം, സുനില്‍കുമാര്‍ മനിയേരി, കെ.ബാലകൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, സി.എസ് അജിത സംസാരിച്ചു.
നമ്മന ഒരുമെ കൂട്ടായ്മ
ജാതീയ വിവേചനങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ കാലിച്ചാനടുക്കം നമ്മന ഒരുമെ കൂട്ടായ്മ പ്രതിഷേധിച്ചു. ജനാധിപത്യ സംവിധാനത്തിനും പരിഷ്‌കൃത സമൂഹത്തിനും അപമാനമാണ് ഇത്തരം സംഭവങ്ങള്‍.
ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വിഭവാധികാരത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും മേഖലകളില്‍ നിന്നും ആദിവാസികളെ സമൂഹം അകറ്റി നിര്‍ത്തുന്നുണ്ട്. ബിജിത സംഭവം, മധുവിന്റെ കൊലപാതകം, ആതിരയുടെ ദുരഭിമാനക്കൊല ഇതെല്ലാം ഉദാഹരണങ്ങളാണ്. ആത്മരക്ഷയ്ക്കു വേണ്ടി ആദിവാസികള്‍ സംഘടിക്കേണ്ടി വരുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാമകൃഷ്ണന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ഹീനമായ പ്രവര്‍ത്തിയാല്‍ പ്രതിഷേധിക്കുകയും ചെയ്തു. കെ.ടി രാമചന്ദ്രന്‍, അനന്തന്‍ അടുക്കം സംസാരിച്ചു.
കേരള ആദിവാസി കലാ-സാംസ്‌കാരിക സമിതി
പരപ്പയിലെ പ്രമുഖ നാടക കലാകാരനും പട്ടികവര്‍ഗക്കാരനുമായ കൊൊടക്കല്‍ വീട്ടില്‍ രാമകൃഷ്ണനും കുടുംബത്തിനുമെതിരേ ഭക്ഷണത്തില്‍ അയിത്തം കല്‍പ്പിച്ച സവര്‍ണ മേലാളന്മാരുടെ നികൃഷ്ട ചിന്താ ഗതിയില്‍ കേരള ആദിവാസി കലാ-സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തൊഴിലുറപ്പ് ജോലിക്ക് വീട്ടിലെത്തിയവര്‍ക്ക് ചായ നല്‍കിയപ്പോള്‍ ഒരു പട്ടികവര്‍ഗ വിഭാഗത്തിലെ അധ്യാപികയ്ക്കും ഇതേ അനുഭവം മുമ്പുണ്ടായിരുന്നു. ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരേ ഈ അടുത്തകാലങ്ങളിലായി തുടര്‍ച്ചയായി അതിക്രമവും അയിത്തം കല്‍പ്പിക്കലും ഏറിവരുന്നു. ഇതിനെതിരേ ശക്തമായി പ്രതികരിക്കുന്നതിന് ദലിത്-ആദിവാസി സംഘടനകളുടെ ഒരു കൂട്ടായ്മ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
ബാലകൃഷ്ണ കിഴക്കേടത്ത്, ഭാസ്‌കരന്‍ കരിവേടകം, സുരേഷ്.എം മഞ്ഞളംമ്പര എന്നിവര്‍ സംസാരിച്ചു.
സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം
പരപ്പ തുമ്പ കോളനിയില്‍ നടന്ന സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡോ.ബി.ആര്‍ അംബേദ്കര്‍ ദേശീയ അവാര്‍ഡ് ജേതാവ് അനില്‍കുമാര്‍ മഠത്തില്‍ പറഞ്ഞു. ഇതിനെതിരേ സമൂഹം മുഴുവന്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."