വിവരാവകാശ കമ്മിഷണര്‍മാരുടെ പാനല്‍ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും
തിരുവനന്തപുരം: വിവരാവകാശ കമ്മിഷണര്‍മാരുടെ പാനല്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. തങ്ങളുടെ പ്രതിനിധിയെ തഴഞ്ഞതില്‍ സി.പി.ഐ പ്രതിഷേധിച്ചതും അഴിമതിക്കേസില്‍ ആരോപണവിധേയനായ സി.പി.എം നേതാവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.
ഇതിനെതിരേ ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൗണ്‍സില്‍ കണ്‍വീനര്‍ ആര്‍.എസ് ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനാല്‍ കമ്മിഷണര്‍മാരുടെ നിയമനം ഇനിയും വൈകാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പേരുകള്‍ കൊണ്ടുവരാന്‍ സി.പി.എം തയാറായേക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്ത് തയാറാക്കിയ പട്ടികയായതിനാല്‍ മന്ത്രിസഭാ യോഗത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനുശേഷം ഗവര്‍ണര്‍ പട്ടിക തള്ളുകയാണെങ്കില്‍ അത് സര്‍ക്കാരിന് ക്ഷീണമാകും. അതിനാല്‍ വളരെ കരുതലോടെ മാത്രമേ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളൂ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വിവരാവകാശ കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ കമ്മിഷന്‍ പുനഃസംഘടന തടഞ്ഞത്. ഇതേ കാരണം ഇപ്പോഴും ബാധകമാണെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളാണ് പട്ടികയിലുള്ള സി.പി.എം നേതാവായ അഡ്വ.എ.എ റഷീദ്. അസിസ്റ്റന്റ് നിയമനത്തില്‍ ലോകായുക്തയുടെ വിധിയെ തുടര്‍ന്ന് റഷീദിനെതിരേ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നുമുണ്ട്. പട്ടികയിലുള്ള ഭൂരിഭാഗംപേരും രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ വന്നവരാണെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."