ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു കട പൂര്‍ണമായി നശിച്ചു
കൊട്ടാരക്കര: ഒരു ദിവസം മുന്‍പ് ഭാഗീകമായി തീപിടിത്തമുണ്ടായ കട കഴിഞ്ഞ ദിവസം പൂര്‍ണമായി കത്തി നശിച്ചു.
പൊലിസില്‍ പരാതി നല്കിയ ദിവസം തന്നെയാണ് ആരോ കട തീ വച്ചു നശിപ്പിച്ചത്.
ദേശീയപാതയരികില്‍ ചെങ്ങമനാട് ആരോമ ആശുപത്രിയോടു ചേര്‍ന്ന അര്‍ച്ചന സ്റ്റോഴ്സാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീയിട്ടു നശിപ്പിച്ചത്.
തീപിടിത്തത്തിനിടെ കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി പൊലിസ് പറയുന്നു. കടയുടെ ഒരു വശത്തെ ഭിത്തി തകരുകയും കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തു.
പൊട്ടിത്തെറിയുടെ ശക്തിയില്‍ കടയുടെ ഷട്ടറുകള്‍ തെറിച്ചു പോയി. പൊലിസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കടയില്‍ തീപിടിത്തമുണ്ടായിരുന്നു. പാതയില്‍ പെട്രോളിങ് നടത്തുകയായിരുന്ന പൊലിസ്് സംഘം സംഭവം കാണുകയും തീ അണയിക്കുകയുമായിരുന്നു. വെട്ടിക്കവല നടുക്കുന്ന് സ്വദേശി ശിവന്‍പിള്ള വാടകയ്ക്കെടുത്തു നടത്തുന്നതാണ് കട.
കട കത്തിക്കാനുള്ള ശ്രമമാണുണ്ടായതെന്നു കാട്ടി ശിവന്‍പിള്ള ഞായറാഴ്ച തന്നെ കൊട്ടാരക്കര പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആരോ കട തകര്ക്കുകയായിരുന്നവെന്ന് ശിവന്‍പിള്ള ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."