'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യത്തിന് വിലക്കുമായി ജാമിഅ മില്ലിയ സര്‍വ്വകലാ ശാല. നിയമനിര്‍വഹണ ഏജന്‍സികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍വകലാശാല രജിസ്ട്രാര്‍.
ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് എതിരായ പ്രതിഷേധങ്ങളും ധര്‍ണകളും സര്‍വകലാശാലയില്‍ അനുവദനീയമല്ലെന്നും ഇതിനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാവുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം.ഡി. മഹതാഹ് ആലം റിസ്‌വി പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിക്കും മറ്റ് നിയമനിര്‍വഹണ ഏജന്‍സികള്‍ക്കുമെതിരെ സര്‍വകലാശാലയിലെ ഏതാനും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് നടപടിക്ക് വിശദീകരണമായി അധികൃതര്‍ പറയുന്നത്. ഇത് അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍വകലാശാല ആവശ്യപ്പെടുന്നു.
മെമ്മോറാണ്ടത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ഈ നിര്‍ദ്ദേശത്തെ അപലപിച്ചു. ജാമിഅ വിദ്യാര്‍ഥികളുടേതാണെന്നും ബി.ജെ.പിയുടെയോ സംഘ്പരിവാറിന്റെയോ അല്ലായെന്നും ഐസ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."