സഊദിക്ക് നേരെ ഉപയോഗിച്ചത് ഇറാന്റെ 'ഖിയാം' മിസൈലുകള്‍; ലക്ഷ്യമിട്ടത് വിമാനത്താവളങ്ങള്‍
റിയാദ്: സഊദിക്ക് നേരെ യമനിലെ ഹൂതികള്‍ തൊടുത്തു വിട്ട മിസൈലുകള്‍ ഇറാന് നിര്‍മ്മിത 'ഖിയാം' മിസൈലുകളാണെന്നു സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വ്യക്തമാക്കി.
തെളിവുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം തിങ്കളാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറബ് സഖ്യ സേന വക്താവ് മേജര്‍ ജനറല്‍ കേണല്‍ തുര്‍ക്കി അല്‍ മാലികി ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദിലേക്ക് യമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ അയച്ച മിസൈലുകള്‍ ഇറാന്റെ 'ഖിയാം' മിസൈലുകളാണെന്നും ഇവരുടെ തന്നെ 'സയാദ്' മിസൈലുകള്‍ നേരത്തെ ഹൂതികളുടെ കൈകളില്‍ എത്തുന്നതിന് മുന്‍പ് സഖ്യ സേന പിടിച്ചെടുത്തിട്ടുണ്ടെന്നും അല്‍ മാലികി വെളിപ്പെടുത്തി.
റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ യമന്‍ ഹൂതികള്‍ക്ക് ഇറാന് നല്‍കുന്നതിനുള്ള തെളിവുകളും അദ്ദേഹം പുറത്ത് വിട്ടു.
അനുയോജ്യമായ സമയത്തും സ്ഥലത്തും ഇറാന് തിരിച്ചടി നല്കാന് സഊദി അറേബ്യക്ക് അവകാശമുണ്ട്. സഊദിക്കെതിരെ ഇത് വരെയായി 104 ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികള്‍ തൊടുത്തു വിട്ടത്. റിയാദിലെ 9 ജനവാസ കേന്ദ്രങ്ങള്‍ ആക്രമണങ്ങളില്‍ നശിച്ചു.
യമനിലെ ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയില്‍ നിന്നും ഇമ്രാനില്‍ നിന്നുമാണ് സഊദിക്കെതിരെയുള്ള മുഴുവന്‍ മിസൈല്‍ ആക്രമണങ്ങളും. ഹൂതികള്‍ക്ക് ആയുധം എത്തിക്കുവാന്‍ യമനിലെ ഹുദൈദ തുറമുഖം ഇറാന് ദുരുപയോഗം ചെയ്യുകയാണ്. റിലീഫ് വിമാനങ്ങള്‍ ആക്രമിക്കപ്പെടുന്നതിനു ഇത് ഇടയാക്കിയേക്കുമെന്നും സഖ്യ സേന വക്താവ് പറഞ്ഞു.
എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ അറബ് സഖ്യസേന ഇറാനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിര്‍ണായകം. അതിനെ കുറിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്നതിന് പ്രതിസ്ഥാനത്തുള്ള ഇറാനെതിരെ സഊദി നേതൃത്വത്തിലുള്ള സഖ്യ സേന ശക്തമായി നീങ്ങുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, സഊദിയിലെ വിമാനത്താവളങ്ങളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് യമനിലെ വിമത വിഭാഗമായ ഇറാന് പിന്തുണയുള്ള ഹൂതികള്‍ വ്യക്തമാക്കി. റിയാദ്, ജിസാന്‍, അബഹ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്നു ഹൂതികള്‍ തങ്ങളുടെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
എന്നാല്‍, ഇത് ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഏഴു മിസൈലുകളും ആകാശത്തു വെച്ച് തന്നെ തകര്‍ക്കുന്നതില്‍ സഊദി വ്യോമ പ്രതിരോധ സേന വിജയിച്ചു. തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടലുളവുണ്ടാക്കിയെങ്കിലും സഊദിയിലെ വിമാനത്താവളങ്ങള്‍ എല്ലാം സാധാരണ പോലെ തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, ഹൂതികളുടെ വെളിപ്പെടുത്തലിനു മുന്‍പ് തന്നെ അല്‍ ജസീറ ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് ഭീകരാക്രമണങ്ങളെ കുറിച്ച് തങ്ങള്‍ക്ക് മുന്‍കൂട്ടി അറിവ് ലഭിക്കുന്നുവെന്ന ചാനലിന്റെ തുറന്നു പറച്ചിലിന് സമമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതായി സഊദി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."