ഗവ.ടി.ടി.ഐ ഭൂമി കൈയേറി മതില്‍ നിര്‍മിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു
കൊല്ലം: കന്റോണ്‍മെന്റ് ഗവ.ടി.ടി.ഐയുടെ ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള നീക്കം ടി.ടി.ഐ വിദ്യാര്‍ഥികള്‍ തടഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലിസ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. ടി.ടി.ഐയുടെ ഒരു വശത്തെ മതില്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പൊളിഞ്ഞ് വീണിരുന്നു. ടി.ടി.ഐയുടെ മേല്‍നോട്ട ചുമതല ഉള്ള കൊല്ലം കോര്‍പറേഷനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൊളിഞ്ഞ മതിലിന്റെ കുറച്ചുഭാഗം പുതുക്കി കെട്ടിയിരുന്നു.
ശേഷിക്കുന്ന ഭാഗത്തെ മതില്‍ നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ നേരത്തെ മതില്‍ നിന്ന ഭാഗത്ത് നിന്നും ഉള്ളിലേക്ക് കയറ്റി മതില്‍ കെട്ടാന്‍ തുടങ്ങിയതോടെയാണ് ടി.ടി.ഐ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറി മതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്നും മുന്‍പ് മതില്‍ ഉണ്ടായിരുന്ന ഭാഗത്ത് തന്നെ പുതിയ മതില്‍ നിര്‍മിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ആവശ്യം മാനിക്കാതെ ടി.ടി.ഐ ഭൂമി കയ്യേറി മതില്‍ നിര്‍മാണം തുടങ്ങിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലിസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ടി.ടി.ഐയ്ക്ക് സമീപത്തുള്ള ഏതാനും വീടുകളിലേക്കുള്ള ഇടുങ്ങിയ വഴി വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികള്‍ രംഗത്ത് എത്തിയിരുന്നു.
ഇതോടെയാണ് ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെ ടി.ടി.ഐ വളപ്പിനുള്ളിലേക്ക് കയറ്റി മതില്‍ കെട്ടാന്‍ ശ്രമം നടന്നത്.സംഭവം അറിഞ്ഞ് കൊല്ലം കോര്‍പറേഷന്‍ അധികൃതരും സ്ഥലത്തെത്തി. കൗണ്‍സിലറുടെ നേതൃത്വത്തില്‍ ടി.ടി.ഐ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി.
മതില്‍ നിര്‍മാണം എങ്ങനെ വേണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു.
മതില്‍ നിര്‍മാണത്തിലെ വസ്തുത പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ടി.ഐ പ്രിന്‍സിപ്പില്‍ റവന്യൂ അധികൃതര്‍ക്കും പൊലിസിനും പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."