ദമ്പതികള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രണം
നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ അര്‍ധരാത്രിയില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രിയില്‍ റോഡിലൂടെ നടന്നുപോയ ദമ്പതികളെ ഗുണ്ടാസംഘം ആക്രമിച്ചു. പരിക്കേറ്റ ദമ്പതികള്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുണ്ടിയെരുമ കിഴക്കേടത്ത് സലീം(47), ഭാര്യ നബീസ ബീവി(44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ എത്തിയ സംഘം യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. യാതൊരുവിധ പ്രകോപനവുമില്ലാതെ ഇവര്‍ ദമ്പതികളെ ആക്രമിച്ച് പരുക്കേല്‍പിക്കുകയായിരുന്നെന്നു പറയുന്നു. യുവതിയുടെ താലിമാലയും ആഭരണവുമടക്കം കാണാതായിട്ടുണ്ട്. അക്രമി സംഘം താലിമാല വലിച്ചുപൊട്ടിച്ചെന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇരുവരും മുണ്ടിയെരുമ ടൗണില്‍ ചായക്കട നടത്തി വരികയാണ്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനു കടയടച്ച് വീട്ടിലേയ്ക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ പത്തോളം വരുന്ന സംഘമെത്തി അക്രമിക്കുകയായിരുന്നുവെന്നാണ് ചികിത്സയില്‍ കഴിയുന്ന ഇരുവരും പറയുന്നത്. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് ദിവസം മുന്‍പ് മദ്യപിച്ചെത്തിയ രണ്ടുപേര്‍ ചായക്കടയിലെത്തി അസഭ്യം പറഞ്ഞതായും ആരോപണം ഉയര്‍ന്നു.
ഇവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. അക്രമം നടന്നതിനു ഒരു ദിവസം മുന്‍പ് സ്ഥലത്ത് രണ്ട് സംഘങ്ങള്‍ എറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ദമ്പതികള്‍ക്കുനേരെ അക്രമം നടന്നതെന്നും നാട്ടുകര്‍ പറഞ്ഞു. ദമ്പതികളെ 15 മിനിട്ടോളം റോഡില്‍ തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയ്ക്ക് ഇടിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ ഭാര്യയെയും മര്‍ദിച്ചു. തലയ്ക്കും, മുഖത്തിനുമാണ് സലീമിനു പരിക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."