ബൈക്കിടിച്ചു വൃദ്ധ മരിച്ച കേസിലെ പ്രതി പൊലിസ് പിടിയില്‍
മാള: മേലഡൂരില്‍ ബൈക്കിടിച്ചു വൃദ്ധ മരിച്ച കേസിലെ പ്രതി പൊലുസ് പിടിയില്‍. മേലഡൂര് സ്വദേശി തങ്കമ്മ (85) ബൈക്കിടിച്ചു മരിക്കാനിടയായ സംഭവത്തിലെ പ്രതി കോട്ടമുറി ഫ്രാന്‍സിസ് (27) നെയാണു മാള പൊലിസ് അറസ്റ്റു ചെയ്തത്.
22 നു അന്നമനട മേലഡൂരില്‍ വെച്ചു റോഡു മുറിച്ചു കടക്കുമ്പോള്‍ അന്നമനട ഭാഗത്തു നിന്നു വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നാണു തങ്കമ്മ മരിച്ചത്. സംഭവ ശേഷം ബൈക്ക് നിര്‍ത്താതെ പോയതിനാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ദൃസാക്ഷികളാരും ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തു നിന്നു ബൈക്കിന്റെ വൈസറിന്റെ ഒരു ഭാഗം മാത്രമാണു പൊലുസിനു തെളിവായി ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നതിനാല്‍ ആ വഴിക്കുള്ള അന്വേഷണം വഴിമുട്ടി. ഈ ഘട്ടത്തില്‍ വൈസറില്‍ നിന്നു ലഭിച്ച കോഡ് നമ്പര്‍ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. ഇതാണു കേസില്‍ വഴിത്തിരിവായത്. പൊലിസിന്റെ മുന്നില്‍ വെല്ലുവിളിയായ കേസില്‍ ബൈക്ക് ഏതെന്നു കണ്ടെത്താന്‍ ഷോറുമുകള്‍ കയറി ഇറങ്ങേണ്ടി വന്നു.
ഇതില്‍ നിന്നു ഹീറോ ഹോണ്ട സി.ബി,ഇസെഡിന്റേതാണെന്നു കണ്ടെത്തി. പിന്നീടു നടന്ന ഊര്‍ജ്ജിത അന്വേഷണത്തില്‍ മാള കോട്ടമുറി സിനോജിന്റെ ഉടമസ്ഥതയില്‍ ഇത്തരം ബൈക്ക് ഉണ്ടെന്നു വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമായി. ശേഷം നടന്ന ആന്വേഷണത്തില്‍ സിനോജിന്റെ വീടിന്റെ പിന്നില്‍ ബൈക്ക് മൂടിയിട്ടതായി കണ്ടെത്തി. പരിശോധനയില്‍ ബൈക്കിന്റെ വൈസര്‍ നഷ്ടപ്പെട്ടതായും മനസിലായി. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വൈസര്‍ ഭാഗം സിനോജിന്റെ ബൈക്കിന്റേതു തന്നെയാണെന്നു മനസിലായതോടെയാണു പ്രതി സിനോജ് തന്നെയാണെന്നു വ്യക്തമായത്. കരിങ്ങോള്‍ചിറയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്.
മാള എസ്.ഐ കെ.ഒ പ്രതീപിന്റെ നേതൃത്വത്തിലാണു അന്വേഷണം നടന്നത്. എസ്.ഐ വി.പി ആകാശ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിതു കൃഷ്ണ, അന്‍വര്‍, മാള സ്പെഷ്യല്‍ ബ്രാഞ്ച് അംഗമായ ഒ.എച്ച് ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."