കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച അഞ്ച് ജീവനക്കാര്‍ പിടിയില്‍
കൊണ്ടോട്ടി: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പുറത്ത് കടത്താന്‍ ശ്രമിക്കുന്നതിനിടെ ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍ അടക്കം അഞ്ച് ജീവനക്കാര്‍ ഡി.ആര്‍.ഐ സംഘത്തിന്റെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘമാണ് 66 ലക്ഷം രൂപ വില വരുന്ന 2,166 ഗ്രാം സ്വര്‍ണവും സഹായികളായി പ്രവര്‍ത്തിച്ച ജീവനക്കാരേയും പിടികൂടിയത്. ശുചീകരണ വിഭാഗത്തിലെ സൂപ്പര്‍വൈസര്‍ കരിപ്പൂര്‍ സ്വദേശി ഷിബു (28), കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് അബ്‌റാര്‍, മുഹമ്മദ്, കാപ്പാട് സ്വദേശികളായ റമീസ്, അമീര്‍ എന്നിവരാണ് പിടിയിലായത്. കരിപ്പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് രക്ഷപ്പെട്ടത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂരിലെത്തിയ സംഘം ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍ ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാനായില്ല. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണം പുറത്തെത്തിച്ചതായി ഇയാള്‍ സമ്മതിച്ചു. എമിഗ്രേഷന്‍ ഹാളിലെ പുരുഷന്‍മാരുടെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നും ഇതു പിന്നീട് വിമാനത്താവളത്തിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സദ്ദാം ഹുസൈന്റെ സ്‌കൂട്ടറില്‍ ഒളിപ്പിക്കാനായിരുന്നു നിര്‍ദേശമെന്നും ഷിബു മൊഴി നല്‍കി. തുടര്‍ന്ന് കാത്തിരുന്ന ഡി.ആര്‍.ഐ സംഘം സ്വര്‍ണം ഒളിപ്പിച്ച സ്‌കൂട്ടര്‍ എടുക്കുന്നതിനായി എത്തിയപ്പോഴാണ് സദ്ദാമിനെയും സഹായി മുഹമ്മദ് അബ്‌റാറിനേയും പിടികൂടിയത്.
കരിപ്പൂരിന് സമീപത്തെ മറ്റൊരു സ്ഥലത്ത് സ്വര്‍ണം ഏറ്റുവാങ്ങുന്നതിനായി എത്തിയപ്പോഴാണ് അമീര്‍, റമീസ്, മുഹമ്മദ് എന്നിവരെ പിടികൂടുന്നത്. ഇവരെ പിടികൂടുന്നതിനിടയിലാണ് സദ്ദാം ഡി.ആര്‍.ഐ സംഘത്തെ വെട്ടിച്ച് രക്ഷപ്പെടുന്നത്. ദുബൈയില്‍ നിന്ന് സ്‌പൈസ് ജെറ്റില്‍ എത്തിയ യാത്രക്കാരനാണ് ടോയ്‌ലറ്റില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ഒരു കിലോയുടെ ഒരു സ്വര്‍ണക്കട്ടിയും 116 ഗ്രാം തൂക്കമുള്ള പത്ത് സ്വര്‍ണ ബിസ്‌ക്കറ്റകളുമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."