ലാന്‍ഡ് ചെയ്യുമോ പെരിയ എയര്‍ സ്ട്രിപ്പ്..?
കാസര്‍കോട്: എയര്‍ സ്ട്രിപ്പ് മാതൃക ജില്ലയില്‍ യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയിലാണ് ജനം. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും കൊച്ചിയിലെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സംഘം സാധ്യതാ പഠനം നടത്തുകയും ചെയ്തതാണ് പെരിയ എയര്‍ സ്ട്രിപ്പ്. എന്നാല്‍, മുന്‍ഗണനാ ലിസ്റ്റില്‍ ഇല്ലെന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിക്ക് ഇക്കുറി ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക നീക്കിവച്ചതോടെയാണ് പെരിയ എയര്‍ സ്ട്രിപ്പ് സംബന്ധിച്ച ചര്‍ച്ച വീണ്ടും ചൂട് പിടിച്ചത്.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനാണ് എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നത്. ലോകടൂറിസം സംസ്‌കാരത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സംവിധാനമാണിത്. 75ഓളം സഞ്ചാരികള്‍ക്കു കയറാന്‍ കഴിയുന്ന ചെറുവിമാനങ്ങള്‍ക്കാണ് ഇത്തരം എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കുക. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പെരിയയില്‍ നേരിട്ട് ലാന്‍ഡ് ചെയ്യാന്‍ ഇതോടെ സാധിക്കും.
ചെറുവിമാനങ്ങളുടെ ആഭ്യന്തര ടൂറിസം സര്‍വിസ് വ്യാപകമാകുന്നതിനും എയര്‍സ്ട്രിപ്പുകള്‍ ഉപകരിക്കും. നിലവില്‍ വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ വിദേശികള്‍ ബേക്കല്‍ കോട്ടയിലും ജില്ലയിലുമെത്തുന്നുണ്ട്.
വിദേശ വിനോദ സഞ്ചാരികള്‍ മംഗ്‌ളുരു വിമാനത്താവളത്തിലും കരിപ്പൂര്‍ വിമാനത്താവളത്തിലുമെത്തി ട്രെയിന്‍ മാര്‍ഗമാണ് ബേക്കലില്‍ എത്തുന്നത്. ബേക്കല്‍ പോലൊരു ടൂറിസം സ്‌പോട്ടില്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടോര്‍ത്ത് യാത്ര ഒഴിവാക്കുന്നവരുമുണ്ട്. ഇതിനു പരിഹാരമായാണ് എയര്‍സ്ട്രിപ്പ് നിര്‍ദേശിച്ചത്. 2011ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ബേക്കല്‍ എയര്‍ സ്ട്രിപ്പ് പ്രഖ്യാപിച്ചത്. ഇതിനായി കൊച്ചിയിലെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സംഘം സാധ്യതാ പഠനം നടത്തി.
ഭൂമി ലഭ്യമായാല്‍ 20 കോടിയോളം രൂപ ചെലവില്‍ എയര്‍ സ്ട്രിപ്പ് സാധ്യമാകുമെന്നായിരുന്നു പഠനത്തില്‍ അന്നു കണ്ടെത്തിയിരുന്നത്. പെരിയ പ്രദേശത്തെ ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്നും കണ്ടെത്തിയിരുന്നു. പഠനമനുസരിച്ച് 80.4 ഏക്കറാണ് എയര്‍സ്ട്രിപ്പ് ആവശ്യം. ഇതില്‍ 54.12 ഏക്കര്‍ റവന്യു പെരിയ കനിയങ്കുണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ ബജറ്റില്‍ 30 കോടി രൂപയാണ് എയര്‍ സ്ട്രിപ്പിന് ചെലവ് പ്രതീക്ഷിക്കുന്നത്. 75 എക്കര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമി ലഭ്യവുമാണ്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പെരിയ എയര്‍ സ്ട്രിപ്പിന്റെ പണി തുടങ്ങാനാവുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."