മധുവിന്റെ കൊലപാതകം: സര്‍ക്കാര്‍ നടപടി തെറ്റിദ്ധരിപ്പിക്കുന്നത്; കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും നിയമസഭയിലും സ്വീകരിച്ചു വരുന്ന നിലപാടുകള്‍ കേരളത്തിന്റ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ ദലിത് ആദിവാസി യുവാവ് കൊലച്ചെയ്യപ്പെടുന്നത്.
മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലായ ഇടതുമുന്നണി സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കിയാണ് കോടതിയിലും നിയമസഭയിലും സര്‍ക്കാരും ബന്ധപ്പെട്ടവരും വിശദീകരണം നല്‍കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
മധുവിന്റെ മരണത്തിന് പട്ടിണിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതിയില്‍ പ്രസ്താവിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ഒളിച്ചോടുകയാണ്. പട്ടിണി ഇല്ലായിരുന്നുവെങ്കില്‍ മധു തന്റെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അരിയും മറ്റു ഭക്ഷണ സാധനങ്ങളും എടുക്കുമായിരുന്നില്ല.
മധു ഉള്‍പ്പെടെയുള്ള ആദിവാസികളുടെ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുന്നില്ല എന്നതാണ് മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കലാശിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."