ആശ്വാസകിരണ്‍ പദ്ധതി പാതിവഴിയില്‍
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ആശ്വാസ കിരണ്‍ പദ്ധതി പാതിവഴിയില്‍. ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്കായുള്ള പദ്ധതിയിലുള്ള ഗുണഭോക്താക്കള്‍ക്ക് മാസങ്ങളായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതിനെതിരേ പ്രതിഷേധം വ്യാപകമായി.
മാനസികവൈകല്യമുള്ളവര്‍, പൂര്‍ണമായും കാഴ്ചയില്ലാത്തവര്‍, പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയാതെ അസ്ഥിഭംഗം സംഭവിച്ചവര്‍, ശയ്യാവലംബര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. ഇവര്‍ക്കുള്ള പെന്‍ഷനാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. 2017 സെപ്റ്റംബറിലാണ് കുടിശിക ഉള്‍പ്പെടെ അവസാനം നല്‍കിയത്.
പുതിയ അപേക്ഷകള്‍ സംബന്ധിച്ച് യാതൊരു വിവരവും അപേക്ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 2017 മാര്‍ച്ച് വരെയുള്ള അപേക്ഷയാണ് ഇതുവരെ പരിഗണിച്ചത്. അങ്കണവാടികള്‍ വഴിയാണ് പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്.
അപേക്ഷകള്‍ സംബന്ധിച്ച് തുടര്‍വിവരങ്ങള്‍ അങ്കണവാടിയില്‍നിന്ന് ലഭ്യമല്ലെന്നുള്ളതാണ് വസ്തുത. ശരിയായ വിവരം ലഭിക്കണമെങ്കില്‍ തിരുവനന്തപുരത്തെ സാമൂഹ്യസുരക്ഷാ മിഷന്റെ ഓഫിസില്‍ പോവണം.
വര്‍ഷങ്ങളായി യാതൊരു അറിയിപ്പും ലഭിക്കാത്ത അപേക്ഷകര്‍ പൂജപ്പുരയിലുള്ള സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ ഓഫിസിലെത്തിയാല്‍ മാത്രമേ തങ്ങളുടെ അപേക്ഷകള്‍ തിരസ്‌കരിക്കാനുള്ള കാരണം അറിയാനാകൂ. അപേക്ഷയുടെ കൂടെ വയ്‌ക്കേണ്ട ഏതെങ്കിലും രേഖകള്‍ ഇല്ലെന്ന കാരണമായിരിക്കും അധികൃതര്‍ ചൂണ്ടിക്കാണിക്കുക. സംഭവത്തിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള അപേക്ഷകര്‍ തലസ്ഥാനത്തെത്തേണ്ട ഗതികേടിലാണ്. ഇത്തരത്തില്‍ നിരവധിപേരാണ് തലസ്ഥാനത്തെത്തുന്നത്.
ഇതിനിടെ ഒരപേക്ഷകന്‍ മാസങ്ങളായുള്ള തന്റെ അപേക്ഷയില്‍ യാതൊരു അറിയിപ്പും ലഭിക്കാതെയായപ്പോള്‍ സാമൂഹ്യസുരക്ഷാ മിഷന്റെ പൂജപ്പുരയിലുള്ള ഓഫിസിലെത്തി നേരിട്ട് അന്വേഷിച്ചു. പദ്ധതിയുടെ ഗുണഭോക്താവും രോഗിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വയ്ക്കാത്തതാണ് കാരണമെന്ന് അപ്പോഴാണ് അറിയുന്നത്. 2016ല്‍ അയച്ച അപേക്ഷയില്‍മേല്‍ 2017ല്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ മാത്രമാണ് ഈ വിവരം അറിയുന്നതെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളാണ് ഇതിനാല്‍ ദുരിതത്തിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."