'കട്ടിലില്‍ തളച്ചിടപ്പെട്ട മകളേയും കൊണ്ട് ഞങ്ങള്‍ എങ്ങോട്ട് പോകും?...'
വളാഞ്ചേരി: ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ഉപേക്ഷിക്കേണ്ടിവരുമ്പോള്‍ കട്ടിലില്‍ ജീവിതം തളച്ചിടപ്പെട്ട മകളെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് വളാഞ്ചേരി കാട്ടുപ്പരുത്തി വടക്കുമുറി പ്രദേശത്തെ കൂരിതൊടി മുഹമ്മദലി. നിര്‍ദിഷ്ട ദേശീയപാത സ്ഥലമെടുപ്പില്‍ വീട് പൂര്‍ണമായും നഷ്ടപെടുന്ന മുഹമ്മദലി-കദീജ ദമ്പതികളുടെ മകള്‍ ബുഷ്‌റ(40) ശാരീരികാവശത കാരണം ഇന്നേവരെ പുറംലോകം കാണാനാകാതെ വൃദ്ധയായ മാതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്.
സ്വന്തമായി പ്രാഥമികകര്‍മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ മനമുരുകുകയാണ് 12 അംഗങ്ങളുള്ള ഈ കുടുംബം. തൊട്ടടുത്തുള്ള മഠത്തില്‍ പറമ്പില്‍ യാഹുവിന്റെ അവസ്ഥയും മറിച്ചല്ല. യാഹുവിന്റെ ഭാര്യ മറിയാമു രോഗിയായി കിടപ്പിലാണ്. 'റോഡ് വികസനത്തിന് ഞങ്ങള്‍ എതിരല്ല, ഒഴിഞ്ഞുകിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലമുണ്ടായിട്ടും ജനവാസകേന്ദ്രത്തിലൂടെ പുതിയ അലൈമെന്റ് കൊണ്ട് വന്നത് ആര്‍ക്ക് വേണ്ടിയാണ്' എന്നാണ് ഇവര്‍ ചോദിക്കുന്നു. പുതിയ അലൈമെന്റില്‍ വടക്കുംമുറി പ്രദേശത്ത് പത്തോളം വീടുകളാണ് നഷ്ടമാകുന്നത്. പ്രവാസം ജീവിതം കൊണ്ടും നാട്ടില്‍ കൂലിപ്പണിയെടുത്തും ഉള്ള സമ്പാദ്യം കൊണ്ട് വീട് പണി കഴിച്ച് ഒരു ദിവസം പോലും താമസിക്കാന്‍ കഴിയാത്ത ഹതഭാഗ്യരായ മറ്റു ചിലരും ഇവരില്‍പ്പെടും. വികസനത്തിന് ഞങ്ങള്‍ സ്ഥലം നല്‍കാം. ഞങ്ങളുടെ കിടപ്പാടം മാറ്റി നല്‍കാന്‍ അധികാരികള്‍ക്ക് കനിവുണ്ടാകണം എന്ന ആവശ്യവുമായി ജനപ്രതിനിധികള്‍ക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."