സംഭവിച്ചതിനെല്ലാം മാപ്പ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിങ്ങിപ്പൊട്ടി സ്മിത്ത്
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയയിലെത്തിയ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരഭരിതനായി. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാതിനും മാപ്പുതരണമെന്നും സ്മിത്ത് പറഞ്ഞു. ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം അറിയിച്ചത്.
സംഭവം പൂര്‍ണമായും എന്നെ തകര്‍ത്തുകളഞ്ഞു. എന്റെ പ്രവൃത്തി കാരണം നിരാശരായിരിക്കുന്ന ലോകത്തെ എല്ലാ ക്രിക്കറ്റ് ആരാധകരോടും എല്ലാ ആസ്‌ത്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും സ്മിത്ത് പറഞ്ഞു. ഈ സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആസ്‌ത്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ കണ്‍മുന്നിലാണ് നടന്നത്. സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. ടീമിനെ നയിക്കുന്നതില്‍ വീഴ്ച പറ്റി. ഈ തെറ്റുകാരണം സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കും.
ഇനിയുള്ള ജീവിതം മുഴുവന്‍ ഇതിനെച്ചൊല്ലി പശ്ചാതപിക്കും. എല്ലാ വീഴ്ചകള്‍ക്കും കാലം മാപ്പ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് ഒരു പാഠമാണ് തനിക്ക് ലഭിച്ച വിലക്ക്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചു തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു. സംഭവം ശരിക്കും എന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ആസ്‌ത്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."