നാടെങ്ങും ദുഃഖവെള്ളി ആചരിച്ചു: നാളെ ഈസ്റ്റര്‍
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ നാടെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും തുടര്‍ന്നുള്ള കുരിശ് മരണത്തേയും അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. 'കുരിശിന്റെ വഴി'ക്ക് വിവിധ സഭാധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന ദുഃഖവെള്ളി ചടങ്ങുകളില്‍ മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് ബാവ, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്നലെ പുലര്‍ച്ചെ തന്നെ സംസ്ഥാനത്തെ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള ശുശ്രൂഷകള്‍ തുടങ്ങി.
കുരിശുമരണത്തിന്റെ സ്മരണ നിറയുന്ന പ്രത്യേക കര്‍മങ്ങളും പ്രാര്‍ഥനകളും ആത്മസമര്‍പ്പണത്തിന്റെ പാതയില്‍ കുരിശിന്റെ വഴിയും ദേവാലയങ്ങളില്‍ നടന്നു. ഉപവാസവും കുരിശിന്റെ വഴിയും ദീപകാഴ്ചയും നേര്‍ച്ചക്കഞ്ഞി വിതരണവുമുള്‍പ്പെടെയുള്ള ചടങ്ങുകളാല്‍ ദേവാലയങ്ങള്‍ ഭക്തിസാന്ദ്രമായി.
ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയില്‍ നാളെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കും. മരണത്തെ തോല്‍പ്പിച്ച യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് ക്രൈസ്തവ വിശ്വാസം. അതിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."