കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം: മൂന്നുമാസം സമയം വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനുള്ള കാലാവധി മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തടസമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡ് രൂപീകരിക്കാനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. കാവേരി ബോര്‍ഡ് രൂപീകരിക്കാനുള്ള പദ്ധതി എന്താണെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ചസംഭവിച്ചുവെന്നും സര്‍ക്കാരിന്റെത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാരും ഹരജി നല്‍കി. പതിറ്റാണ്ടുകള്‍ നീണ്ട കാവേരി നദീജലതര്‍ക്കം തീര്‍പ്പാക്കി സുപ്രിം കോടതി അന്തിമവിധി പുറപ്പെടുവിച്ചത് ഫെബ്രുവരി 16നാണ്. നദീജലം കൈകാര്യംചെയ്യുന്നതിനായി കാവേരി ബോര്‍ഡ് ആറാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കണമെന്നും അന്തിമവിധിയില്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചയിച്ച കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ, കേന്ദ്ര ജലവിഭവ സെക്രട്ടറി യു.പി സിങ് എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
അന്തിമ ഉത്തരവില്‍ കേരളത്തിന് അധികജലം നല്‍കേണ്ടെന്ന നിലപാട് ചോദ്യംചെയ്ത് കേരളം നല്‍കിയ പുനഃപരിശോധനാ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. കേരളത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ എന്നിവ കാവേരിയുടെ പോഷക നദികളാണ്. ഇവയില്‍ നിന്ന് 147 ടി.എം.സി വെള്ളം കാവേരിയിലേക്ക് ഒഴുകുന്നുണ്ട്. അതിനാല്‍ ഇതിന് ആനുപാതികമായ വെള്ളം ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഈ ഹരജികളെല്ലാം നാളെ ഒന്നിച്ച് പരിഗണിക്കും.
നേരത്തെ ബോര്‍ഡ് രൂപീകരിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ കാവേരി നദീജലം പങ്കിടുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയിരുന്നു. ബോര്‍ഡിന്റെ ഘടന, പ്രവര്‍ത്തനരീതി, പ്രവര്‍ത്തനപരിധി, അംഗങ്ങള്‍, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് കേന്ദ്ര ജലവിഭവ മന്ത്രാലയം നാലുസംസ്ഥാനങ്ങളും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. കാവേരി നദിയില്‍ നിന്ന് കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികമായി അനുവദിച്ചാണ് സുപ്രിം കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. തമിഴ്‌നാടിന് 192 ടി.എം.സി വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിയില്‍ മാറ്റംവരുത്തി 177.25 ടി.എം.സി വെള്ളം മാത്രം വിട്ടുകൊടുത്താല്‍ മതിയെന്നായിരുന്നു ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിം കോടതി ബെഞ്ചിന്റെ ഉത്തരവ്. കേരളത്തിന് 30 ഘനയടി വെള്ളം എന്ന ട്രൈബ്യൂണല്‍ ഉത്തരവില്‍ സുപ്രിം കോടതി മാറ്റം വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."