വായ്പാതുക നാളെ മുതല്‍ ലഭിച്ചുതുടങ്ങും
തിരുവനന്തപുരം: ബാങ്ക് കണ്‍സോര്‍ഷ്യം അനുവദിച്ച വായ്പ നാളെ മുതല്‍ കെ.എസ്.ആര്.ടി.സിക്ക് ലഭ്യമാകും. 9.2 ശതമാനം പലിശ നിരക്കില്‍ 3100 കോടി രൂപയാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് ദീര്‍ഘകാല വായ്പയായി അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി എം.ഡി എ.ഹേമചന്ദ്രനും ബാങ്ക് പ്രതിനിധികളും ഒപ്പിട്ടു.
നിലവില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളിലായുള്ള 3090 കോടി രൂപയുടെ ബാധ്യത തീര്‍ത്തശേഷമാണ് പുതിയ കെ.എസ്.ആര്.ടി.സി കരാറില്‍ ഏര്‍പ്പെട്ടത്. ഇതിനായി സര്‍ക്കാര്‍ നേരിട്ട് ധനസഹായം നല്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം നല്കാന് മാറ്റിവച്ചിരുന്ന തുകയാണ് മുഖ്യമന്ത്രി ഇടപെട്ട് കെ.എസ്.ആര്.ടി.സിക്ക് നല്‍കിയത്. ബാങ്ക് വായ്പ ലഭിക്കുമ്പോള്‍ ഈ തുക തിരിച്ച് സര്‍ക്കാരിന് നല്‍കും. ഏപ്രില്‍ രണ്ടുവരെ സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്. മൂന്നു മുതല്‍ കണ്‍സോര്‍ഷ്യത്തില്‍ നിന്നും തുക ലഭിച്ചു തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കണ്‍സോര്‍ഷ്യത്തിന്റെ ദീര്‍ഘകാല വായ്പ ലഭ്യമാകുന്നതിന്റെ ഭാഗമായി ഡിപ്പോകള്‍ ഈടു നല്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നേരത്തെ സഹകരണ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമായി ഈടുവച്ചിരുന്ന ഡിപ്പോകള്‍ തിരിച്ചെടുത്താണ് കണ്‍സോര്‍ഷ്യത്തിനു കൈമാറുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, വിജയ ബാങ്ക്, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെ.ടി.ഡി.എഫ്.സി) എന്നിവയുടെ കൂട്ടായ്മയാണ് 3100 കോടി രൂപയുടെ വായ്പ കെ.എസ്.ആര്.ടി.സിക്ക് നല്‍കുന്നത്. ഇതില്‍ എസ്.ബി.ഐ ആണ് ലീഡ് ബാങ്ക്. എസ്.ബി.ഐ 1000 കോടിയും കനറ ബാങ്കും വിജയാ ബാങ്കും 500 കോടി വീതവും കെ.ടി.ഡി.എഫ്.സി 1100 കോടി രൂപയുമാണ് കണ്‍സോര്‍ഷ്യം വഴി നല്‍കുന്നത്. സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് കണ്‍സോര്‍ഷ്യം വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പക്കായി ബാങ്കുകള്‍ കര്‍ശന നിബന്ധനകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പുതിയ വായ്പകള്‍ എടുക്കുന്നതിനും ഇനി നിയന്ത്രണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."