കെ.സി ഉമേഷ് ബാബുവിന്റെ വീടിനുനേരെ ആക്രമണം
കണ്ണൂര്‍: കവിയും ചിന്തകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ രാവിലെ 6.45നാണ് വീടിന്റെ ജനാലക്കു നേരെ വാഹനത്തിലെത്തിയ സംഘം ട്യൂബ്ലൈറ്റ് എറിഞ്ഞത്. ജനാലയില്‍ പതിച്ച ട്യൂബ്ലൈറ്റ് പൊട്ടിച്ചിതറി. കണ്ണൂര്‍ പാറക്കണ്ടി വ്യാപാരഭവന് സമീപം മഞ്ചപ്പാലത്തേക്ക് പോകുന്ന വഴിയിലാണ് വീട്. ജനാല പൊട്ടാതിരുന്നതിനാല്‍ ജനലിനടുത്തിരിക്കുകയായിരുന്ന ഉമേഷ് ബാബുവും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുരേഷ് ബാബുവും മകളും ഇരുന്നിരുന്ന ജനാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്കി.
അതേസമയം വീടിന്റെ ജനല്‍ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആക്രമണമാണുണ്ടായത് എന്നതില്‍ സംശയമില്ലെന്ന് ഉമേഷ് ബാബു പറഞ്ഞു. അക്രമികള്‍ ആരാണെന്ന് അറിയില്ല. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. എങ്കിലും, തനിക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഷങ്ങളായി നടന്നു വരുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നു കരുതുന്നതായും ഉമേഷ് ബാബു പറഞ്ഞു. ഒരുകാലത്തു സി.പി.എം സഹയാത്രികനും ദീര്‍ഘകാലം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതാവുമായിരുന്ന ഉമേഷ് ബാബു അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു പുരോഗമന കലാസാഹിത്യ സംഘം വിട്ടിരുന്നു. പ്രസംഗങ്ങളിലും ലേഖനങ്ങളിലും സി.പി.എമ്മിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."