ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിചേര്‍ക്കപ്പെട്ട സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ കൃത്രിമത്വം നടന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുധീര്‍ മുങ്കന്ദിവാറിയുടെ ഭാര്യാസഹോദരന്‍ ഡോ. മകരന്ദ് വ്യവഹാരെയാണെന്നും കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡോ. മകരന്ദ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. എന്നാല്‍ രേഖകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ പേര് എന്‍.കെ തുംറാം എന്നാണെന്നും കാരവന്‍ റിപ്പോര്‍ട്ട്‌ചെയ്തു.
സുഹ്‌റബുദ്ദീന്‍ കേസില്‍ അമിത്ഷാക്ക് അനുകൂലമായി വിധിക്കാന്‍ ജസ്റ്റിസ് ലോയക്ക് നൂറുകോടി രൂപയും ഫ്‌ളാറ്റും വാഗ്ദാനംചെയ്തുവെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുകൊണ്ടുവന്നതും കാരവന്‍ ആണ്. മെഡിക്കല്‍ കോളജിലെ ജീവനക്കാരുമായി സംസാരിച്ച് രണ്ടുമാസത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാരവന്‍ ലേഖിക നികിത സക്‌സേന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് (ജി.എം.സി) പ്രൊഫസര്‍ ആയിരുന്നു ഈ സമയം ഡോ.മകരന്ദ്. വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ ജോലിസ്ഥലങ്ങളില്‍ കൂടുതല്‍ അധികാരം പ്രയോഗിച്ചിരുന്ന ഡോ. മകരന്ദ്, ലോയയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതീവതാല്‍പ്പര്യവും കാണിച്ചു.
ലോയയുടെ കുടുംബം നേരത്തെ ആരോപിച്ചതു പോലെ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ മുറിവുകളുള്ളതായി ഒരു ആശുപത്രി ജീവനക്കാരന്‍ സ്ഥിരീകരിച്ചു. കല്ലുകൊണ്ടുള്ള ഇടികിട്ടിയതാവാം ആ മുറിവ്. ആക്രമണത്തില്‍ തൊലിയില്‍ പൊട്ടലും ഉണ്ട്. മൃതദേഹം പൊതിഞ്ഞ തുണിയുടെ തലഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ആ ഭാഗത്തുള്ള മുടി രക്തം കൊണ്ട് ഒട്ടിപ്പിടിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും റിപ്പോര്‍ട്ടില്‍ എഴുതാന്‍ തുംറാമിനെ ഡോ. മകരന്ദ് അനുവദിച്ചില്ല. ഞാന്‍ പറഞ്ഞതുപോലെ റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ മതിയെന്ന് ഡോ. മകരന്ദ് ഭീഷണിപ്പെടുത്തുകയുംചെയ്തു. തന്റെ മുന്നില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാനും ഡോ. മകരന്ദ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."