ലാറി ബേക്കറുടെ കര്‍മഭൂമിയില്‍ മുളംതണ്ടില്‍ മണിമാളിക ഉയരുന്നു
കാട്ടാക്കട : ലോക പ്രശസ്ത വാസ്തു ശില്‍പിയും കുറഞ്ഞ ചിലവില്‍ പരിസ്ഥിതിക്കിണങ്ങുന്ന വീടെന്ന ആശയം പ്രചരിപ്പിച്ചയാളുമായ ലാറി ബേക്കറിന് ഒരു ആദരവ് ആയി മാറുകയാണ് ഈ മണി മാളിക.
ബേക്കറിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ ഒപ്പം ചേരുകയാണ് ഒരുപാട് കാലം അദ്ദേഹത്തിന്റെ കര്‍മഭൂമിയായിരുന്ന വിളപ്പില്‍ശാല നൂലിയോട് ബേക്കര്‍ സെന്ററും. നേരിയ അളവില്‍ മാത്രം സിമന്റ് ചേര്‍ത്ത്, ഒരു തുണ്ട് കമ്പി ഉപയോഗിക്കാതെ മുളംതണ്ടുകൊണ്ട് ഒരു മണിമാളിക.
ബേക്കറിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ശിഷ്യര്‍ നൂലിയോട് മലമുകളില്‍ ഒരുക്കിയ അത്ഭുത മന്ദിരം ആരിലും ഗൃഹാതുരത്വമുണര്‍ത്തുന്ന കൗതുകം പകരുന്ന കാഴ്ച്ചയാണ്.
പൂര്‍ണമായും മുളയും മണ്ണും ഉപയോഗിച്ചാണ് നിര്‍മാണം. 1995 ല്‍ ഒരു കനേഡിയന്‍ പൗരനുവേണ്ടിയാണ് ലാറി ബേക്കര്‍ നൂലിയോട് മലയില്‍ അഞ്ച് ഏക്കറില്‍ ഒന്‍പത് മാളികകള്‍ നിര്‍മിച്ചത്.
ചിലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ മന്ദിരങ്ങള്‍. ഗോപുരം പോലെ ഉയര്‍ന്നതും ത്രികോണാകൃതിയിലും തലകുമ്പിട്ടതുമായ ഒന്‍പത് കെട്ടിടങ്ങള്‍.
ബേക്കറുടെ മരണത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന ഒരു സ്മാരകം വേണമെന്ന് സുഹൃത്തുക്കളും ആരാധകരും തീരുമാനിച്ചു.
ബേക്കര്‍ നിര്‍മാണ ശൈലികളുടെ പ്രചാരണത്തിന് സ്ഥാപിച്ചിട്ടുള്ള കോസ്റ്റ് ഫോര്‍ഡ് ഇതിനായി മുന്നോട്ടുവന്നു. ബേക്കര്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ അവര്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചു.
2009 ല്‍ ഒറ്റത്തവണ സഹായമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി ബേക്കര്‍ സെന്ററിന് അനുവദിച്ചു.
ഒരുപാട് നാളുകള്‍ ബേക്കറിന്റെ കര്‍മഭൂമിയായി നിലകൊണ്ട നൂലിയോട്ടെ കനേഡിയക്കാരന്റെ ഫാം ഹൗസ് ബേക്കര്‍ സെന്ററിനായി കോസ്റ്റ് ഫോര്‍ഡ് ആവശ്യപ്പെട്ടു.
നിറഞ്ഞ മനസോടെ കനേഡിയക്കാരന്‍ കീത്ത് സെല്‍ദാന ഒരു കോടിക്ക് അഞ്ച് ഏക്കറും കെട്ടിടങ്ങളും സെന്ററിന് നല്‍കി. ഇവിടെയാണ് മുളം തണ്ടില്‍ വിസ്മയ മന്ദിരം ഒരുക്കിയിരിക്കുന്നത്.ചുവരുകള്‍ക്കും തട്ടിനും കോണിപ്പടികള്‍ക്കും മുളകള്‍ ഉപയോഗിച്ചുള്ള നിര്‍മാണ ശൈലി ഒരുപക്ഷേ കേരളത്തില്‍ നടാടെയാണ്.
എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരം വാസ്തു വിദ്യകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. പഴമയുടെ ശേഷിപ്പുകള്‍ക്ക് പുതിയ ഭാഷ ചമയ്ക്കുന്ന ബക്കര്‍ മാജിക്കും അതായിരുന്നല്ലോ.
ആ തനതു വാസ്തുശൈലി ആവര്‍ത്തിച്ചിരിക്കുകയാണ് നൂലിയോട് ബേക്കര്‍ സെന്ററിലെ അദ്ദേഹത്തിന്റെ പിന്‍ഗാമികളും. മുളകള്‍ക്കിടയിലെ വിടവ് നികത്താനും അകം പൂശിനും മണ്ണില്‍ ചകിരിനാരും ഉമിയും നീറ്റുകക്കയും ചേര്‍ത്ത മിശ്രിതം. ആകെക്കൂടി പ്രകൃതി സൗഹൃദമാണ് ഈ മണിമന്ദിരം.
കൂറ്റന്‍ പാറകളും മരങ്ങളും നിറഞ്ഞ അഞ്ചേക്കറിലാണ് മുള മാളികയുടെ അവസാന മിനുക്കുപണികള്‍ നടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ മന്ദിരത്തിന് മോടികൂട്ടാന്‍ ഉപയോഗിക്കില്ല. അത് മുളം തണ്ടിന്റെ സ്വാഭാവിക സൗന്ദര്യം ഇല്ലാതാക്കും. പകരം കാഷ്യൂ ഓയിലും ചില പ്രകൃതിദത്ത ചേരുവകളുമാണ് ചുവരുകള്‍ക്ക് ചായം പൂശാന്‍ ഉപയോഗിക്കുന്നത്.
മുപ്പത് ലക്ഷമാണ് മൂവായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ മുള മന്ദിരത്തിന്റെ നിര്‍മാണത്തിന് ചിലവായത്. ആര്‍ക്കിടെക്കുകള്‍ക്കും ബേക്കര്‍ ശൈലി അനുകരിക്കുന്നവര്‍ക്കും താമസിച്ച് റിസര്‍ച്ച് നടത്താനാണ് മുളവീട് നിര്‍മിക്കുന്നത്.
ഫാനും എസിയുമില്ലാതെ പ്രകൃതി കനിയുന്ന സ്വാഭാവിക കുളിര്‍മ കെട്ടിടത്തിനുള്ളില്‍ ലഭിക്കും. ഭൂമിയുടെ പച്ചപ്പിനെ കാര്‍ന്നുതിന്നുന്ന കോണ്‍ക്രീറ്റ് കാടുകള്‍ക്ക് അപവാദമാണ് പ്രകൃതിക്കിണങ്ങുന്ന ഇത്തരം സൗധങ്ങള്‍.
പക്ഷേ ചിലവ് കുറഞ്ഞതും ഈടുറ്റതും പ്രകൃതി സൗഹൃദവുമായ നിര്‍മാണ രീതി ഇവയെ വ്യത്യസ്ഥമാക്കുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച് ഭാരത പൗരത്വം സ്വീകരിച്ച ലാറി ബേക്കറുടെ സ്വപ്നം പിന്‍തുടരുകയാണ് തങ്ങളുമെന്ന് ബേക്കറുടെ പിന്‍ഗാമികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."