എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം
തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്താനിരിക്കെ എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി വീണ്ടും സി.പി.ഐ മുഖപത്രമായ ജനയുഗം. 'ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്' എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിലാണ് ജനയുഗത്തിന്റെ വിമര്‍ശനം. പൂരം അലങ്കോലപ്പെട്ട സമയത്ത് എ.ഡി.ജി.പി. നഗരത്തില്‍ത്തന്നെയുള്ള പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണെന്നും മുഖപത്രമായ ജനയുഗത്തില്‍ സി.പി.ഐ. ആരോപിക്കുന്നു.
പൂരം അലങ്കോലപ്പെടുത്തുന്നതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തില്‍ ശക്തമാണ്. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്. തൃശൂര്‍ പൂരം പോലെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന, സുരക്ഷാ ചുമതല പൂര്‍ണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. അധികാരശ്രേണിയില്‍ കമ്മിഷണര്‍ക്കു മേലെയുള്ള എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂരദിവസങ്ങളില്‍ തൃശൂരില്‍ ഉണ്ടായിരുന്നുവെന്നാണ് അഭിജ്ഞവൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പൂരത്തലേന്ന് ക്രമസമാധാന, സുരക്ഷാ വിഷയങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എഡിജിപി, ഡിഐജി, കമ്മിഷണര്‍, എസിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലും മുന്‍ മധ്യമേഖലാ ഐജി എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അജിത്കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നത്. മാത്രമല്ല, എഡിജിപി സ്‌ട്രൈക് ഫോഴ്‌സ് എന്ന ഹാന്‍ഡ് ബാന്‍ഡ് ധരിച്ച ഒരുസംഘം പൊലീസുകാര്‍ പൂരപ്പറമ്പില്‍ സന്നിഹിതരായിരുന്നു.
പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തില്‍ത്തന്നെയുള്ള പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്. ഈ പശ്ചാത്തലമാണ് പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവന്‍ കമ്മിഷണറില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വാഭാവികത സംശയകരമാക്കുന്നത്. അന്വേഷണഘട്ടത്തില്‍ എഡിജിപി, മൊഴി നല്‍കാനെത്തിയവരോട്, കമ്മിഷണറോ ഡിഐജിയോ ഐജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താന്‍ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടര്‍ക്കും ഇടപെടാമായിരുന്നല്ലോ എന്ന് സൂചിപ്പിച്ചതായും വിവരമുണ്ട്. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം കമ്മിഷണറിലും ദേവസ്വങ്ങളിലും മാത്രമായി ഒതുക്കുകയും തുടര്‍നടപടികളെപ്പറ്റി റിപ്പോര്‍ട്ട് നിശബ്ദത പാലിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയും ചെയ്യുമ്പോള്‍ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്.
- മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."