സന്തോഷ് ട്രോഫി: കേരള ടീമിന് നെടുമ്പാശ്ശേരിയില്‍ വന്‍ വരവേല്‍പ്പ്
നെടുമ്പാശ്ശേരി: നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയുമായി കേരളത്തിലെത്തിയ കേരള ഫുട്ട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ് നല്‍കി. താരങ്ങളെ സ്വീകരിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണ് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്.ഇന്നലെ വൈകീട്ട് 4 മണിയോടെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ ടീം അംഗങ്ങളെ താളമേളങ്ങളുടെ അകമ്പടിയോടെ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ് വരവേറ്റത്.
എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, പി.ടി തോമസ്, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.എ മേത്തര്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എം സക്കീര്‍ ഹുസൈന്‍ എന്നിവരും താരങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 13 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി ജേതാക്കളായി കേരള ഫുട്‌ബോളിന്റെ അഭിമാനം ഉയര്‍ത്തിയ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സ്വീകരണത്തിന് ശേഷം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ഫുട്‌ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ആറിന് തിരുവനന്തപുരത്ത് പൗരസ്വീകരണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ താരങ്ങളെ സ്വീകരിക്കാനും രാഷ്ട്രീയക്കാര്‍ മത്സരമായിരുന്നു. യുവജന സംഘടനകള്‍ താളമേളങ്ങളോടെയാണ് ടീം അംഗങ്ങളെ സ്വീകരിക്കാനെത്തിയത്. ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിയതോടെ കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള മുദ്രാവാക്യം വിളികളും മുഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."