ഭൂതത്താന്‍കെട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശയോടെ മടങ്ങുന്നു
കോതമംഗലം: ഇക്കോ ടൂറിസം മേഖലയിലേക്ക് പ്രവേശനം നിഷേധിച്ച വനം വകുപ്പ് തീരുമാനത്തിനെതിരേ ടൂറിസ്റ്റുകളുടെ ശക്തമാകുന്നു. അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളുമൊത്ത് ഭൂതത്താന്‍കെട്ടിലെത്തിയ എത്തിചേര്‍ന്ന നൂറു കണക്കിന് വിനോദസഞ്ചാരികളാണ് ഇന്നലെ നിരാശയില്‍ മടങ്ങിയത്.
മേഖലയിലെ ടൂറിസം വരുമാനത്തില്‍ വന്‍ ഇടിവിനും സാധ്യത. മീശപ്പുലിമലയിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് വനമേഖലയോടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ വനംവകുപ്പ് സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വിനോദസഞ്ചാരികളുടെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതുമൂലം വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ വനംവകുപ്പിന്റെ വിലക്ക് വിനോദസഞ്ചാരികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. സ്‌കൂള്‍ അവധി ആരംഭിച്ചതോടെ കിഴക്കന്‍ മേഖയിലേക്ക് കുടുംബ സഹിതമെത്തുന്ന വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഏറെക്കാലമായി നിലച്ചിരുന്ന ഭൂതത്താന്‍കെട്ട് ജലാശയത്തിലെ ബോട്ടിങ് അടുത്തിടെ പുനരാംഭിച്ചിരുന്നു. 50 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ഹൗസ് ബോട്ടുകളും നിരവധി ചെറുബോട്ടുകളും ഇവിടെ സര്‍വ്വീസിന് തയ്യാറാക്കിയിട്ടുണ്ട്.
ബോട്ടിംഗും പഴയ ഭൂതത്താന്‍ കെട്ടിന്റെപ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇക്കൂട്ടരിലേറെയും എത്തുന്നത്. വന പാതയിലൂടെ കടന്നുവേണം പുഴ മധ്യത്തില്‍ വരെ നിറയെ പാറക്കൂട്ടങ്ങളും ഇടയ്ക്ക് മരങ്ങള്‍ പടര്‍ന്ന് പന്തലിച്ചുനില്‍ക്കകയും ചെയ്യുന്ന പഴയ ഭൂതത്താന്‍കെട്ടിലെത്താന്‍.
തുണ്ടം ഫോറസ്റ്റ് സ്റ്റേഷന്റെ ചെക്കിങ് സ്‌റ്റേഷനില്‍ നിന്നും അനുമതി വാങ്ങിയാണ് ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് എത്തിയിരുന്നത്. ഇപ്പോള്‍ ഇവിടേയ്ക്ക് സഞ്ചാരികളില്‍ ഒരാളെപ്പോളും വനംവകുപ്പ് കടത്തിവിടുന്നില്ല. സഞ്ചാരികളുടെ ശല്യം വര്‍ദ്ധിച്ചതോടെ വനംവകുപ്പധികൃതര്‍ പ്രവേശനം നിരോധിച്ചതായി ചൂണ്ടിക്കാട്ടി ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടെ ചെറുപ്പക്കാരായ സഞ്ചാരികള്‍ തങ്ങള്‍ക്ക് കടന്നുപോകണമെന്ന നിലപാട് കടുപ്പിക്കുന്നത് ചെക്ക് പോസ്റ്റില്‍ നേരിയ വാക്കേറ്റത്തിനും ഉന്തിനും തള്ളിനുമൊക്കെ കാരണമാവുന്നുണ്ട്. ഇവര്‍ക്കിടയിലെ വിരുതന്മാര്‍ വനംവകുപ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മറ്റ് വനപ്രദേശങ്ങളിലൂടെ പഴയഭൂതത്താന്‍കെട്ടിലെത്തി മടങ്ങുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."