ആവേശ ചിറകിലേറി രാഹുല്‍ ജന്മനാട്ടില്‍
ചെറുവത്തൂര്‍: സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍ ചെറുവത്തൂര്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയപ്പോള്‍ ജന്മനാടിന്റെ ആഹ്ലാദാരവം വാനോളമുയര്‍ന്നു. ഇന്നലെ രാവിലെ എട്ടോടെ മലബാര്‍ എക്‌സ്പ്രസില്‍ രാഹുല്‍ ചെറുവത്തൂരിലെത്തുമ്പോഴേക്കും സ്റ്റേഷന്‍ പരിസരം വരവേല്‍ക്കാന്‍ എത്തിയവരെക്കൊണ്ടു നിറഞ്ഞിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കിയും മാലയിട്ടും കേരളത്തിന്റെ അഭിമാന നേട്ടത്തിനു ചുക്കാന്‍ പിടിച്ച പ്രിയതാരത്തെ ജന്മനാട് വരവേറ്റു.
നാട്ടുകാര്‍ക്കൊപ്പം രാഹുലിന്റെ പിതാവ് രമേശനും അമ്മ തങ്കമണിയും സഹോദരി രസ്‌നയും മറ്റു കുടുംബാംഗങ്ങളും സ്റ്റേഷനില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ രാഹുലിനെ മുത്തം നല്‍കി വരവേറ്റു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഹുലിനെ തുറന്ന വാഹനത്തില്‍ ആനയിച്ചു. ബൈക്കുകളില്‍ നൂറുകണക്കിനു കായികപ്രേമികള്‍ ഘോഷയാത്രയെ അനുഗമിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച സ്വീകരണ ഘോഷയാത്ര ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് വഴി കരപ്പാത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടി.വി ശ്രീധരന്‍ അധ്യക്ഷനായി. വിപഞ്ചിക, റഫീഖ് പടന്ന, എം.വി ചന്ദ്രന്‍, കെ.വി ഗോപാലന്‍, എ. ഭാസ്‌കരന്‍, കെ.പി രാമചന്ദ്രന്‍, ടി. വി സുരേഷ് സംസാരിച്ചു.
ആഹ്ലാദത്താല്‍ പൊട്ടിക്കരഞ്ഞ് ഉണ്ണി;
നെഞ്ചോടു ചേര്‍ത്തു വിതുമ്പി കിച്ചു
ചെറുവത്തൂര്‍: രാഹുല്‍ നാട്ടുകാര്‍ക്കു കിച്ചുവാണ്. ചെറുവത്തൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ഉടന്‍ കിച്ചു തേടിയത് തന്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടനെയാണ്. ജീവിത ദുരിതങ്ങള്‍ക്കിടയില്‍ പകച്ചു നിന്ന സമയങ്ങളില്‍ കൂടപ്പിറപ്പിനെപ്പോലെ കൈപിടിച്ചു നടന്ന ഉണ്ണിയേട്ടനെ കുറിച്ചു പറഞ്ഞപ്പോള്‍ രാഹുല്‍ വിതുമ്പി. രാഹുലിനെ ചേര്‍ത്തു പിടിച്ചു ഉണ്ണിയും കരഞ്ഞപ്പോള്‍ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. കുഞ്ഞുനാള്‍ മുതല്‍ രാഹുല്‍ പന്തു തട്ടിക്കളിച്ചത് പിലിക്കോട് പാറ മൈതാനത്തായിരുന്നു. അന്നു മുതല്‍ കൂടെ ഉണ്ണിയെന്നു വിളിക്കുന്ന രാകേഷ് കൃഷ്ണനും ഉണ്ടായിരുന്നു.
രാഹുലിന്റെ കളിമികവു മനസിലാക്കിയാണ് കോച്ച് കെ.വി ഗോപാലനെ എത്തിച്ചു പാറ മൈതാനത്തു 2009ല്‍ ആദ്യമായി പരിശീലന ക്യാംപ് സംഘടിപ്പിച്ചത്. അവിടെനിന്നായിരുന്നു വഴിത്തിരിവ്. പിന്നീട് പരിശീലന ക്യാംപുകളില്‍ പോകുമ്പോഴും പ്രാദേശിക ടൂര്‍ണമെന്റില്‍ പോകുമ്പോഴുമെല്ലാം നിഴല്‍ പോലെ ഉണ്ണി രാഹുലിനൊപ്പമുണ്ടായിരുന്നു. മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് രാഹുലിന്റെ കുടുംബം ചീമേനി മുണ്ടയില്‍ മിച്ചഭൂമിയായി ലഭിച്ച സ്ഥലത്തേക്കു താമസം മാറുന്നത്.
വായ്പയെടുത്തു നിര്‍മിച്ച കൊച്ചു വീട്ടില്‍ കഴിയുമ്പോഴും പിലിക്കോട്ട് തന്നെയായിരുന്നു രാഹുലിന്റെ പരിശീലനവും മറ്റും. മരപ്പണിയെടുത്താണ് പിതാവ് രമേശന്‍ കുടുംബം പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."