ചെങ്ങോടുമലയില്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ ഭൂമിയില്‍ സി.പി.എം കൊടിനാട്ടി
നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറി തുടങ്ങുന്നതിനു വേണ്ടി ഡെല്‍റ്റ ഗ്രൂപ്പ് കൈയേറി കുടിവെള്ള ടാങ്ക് പൊളിച്ച സ്ഥലത്ത് സി.പി.എം അവിടനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി കൊടിനാട്ടി. കൂട്ടാലിട ടൗണില്‍നിന്ന് മൂന്നു കിലോമീറ്ററോളം ദൂരമുള്ള ചെങ്ങോടുമലയിലേക്ക് നിരവധി യുവാക്കള്‍ മാര്‍ച്ച് നടത്തിയാണ് കൈയേറ്റ ഭൂമി വളച്ചുകെട്ടി കൊടിനാട്ടിയത്.
പിന്നീട് നരയംകുളത്തെ ഡെല്‍റ്റയുടെ ഗേറ്റിനു മുന്നിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.ഗേറ്റിനു മുന്നില്‍ പേരാമ്പ്ര സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം തടഞ്ഞു. സമരം ടി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
പി. കെ. ഗംഗാധരന്‍ അധ്യക്ഷനായി.ടി. ഷാജു, കെ.കെ ബാലന്‍, കെ. ഹമീദ്, ടി. സരുണ്‍, ടി.പി ചന്ദ്രിക സംസാരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് ക്വാറി തുടങ്ങാന്‍ വേണ്ടി പത്തനംതിട്ട സ്വദേശി തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുളള ഡെല്‍റ്റ റോക്ക് പ്രൊഡക്ട് കമ്പനി നശിപ്പിച്ച് സ്ഥലം കൈക്കലാക്കിയത്. ഈ സ്ഥലത്താണ് സി.പി.എം കൊടി നാട്ടിയത്.
പൊലിസ് കള്ളക്കേസ് എടുക്കുന്നതായി പരാതി
നടുവണ്ണൂര്‍: ചെങ്ങോടുമല ഖനനവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കള്ളക്കേസെടുക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ക്വാറിയെ അനുകൂലിക്കുന്നവര്‍ ക്രൂരമായി മര്‍ദിച്ച രാജു മാത്യു, എ.സി വിഷ്ണു എന്നിവര്‍ക്കെതിരേയും മറ്റു രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേയും വധശ്രമത്തിന് കള്ളക്കേസെടുത്ത കൂരാച്ചുണ്ട് പൊലിസിന്റെ നടപടിയില്‍ കമ്മിറ്റി പ്രതിഷേധിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലിസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രിയാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നത്. തലക്കും താടിയെല്ലിനും പരുക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ കൊടുത്ത കേസില്‍ നടപടി കാത്തിരിക്കുമ്പോഴാണ് ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."