എന്ജിന് തകരാര്‍: കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫറോക്ക്: എന്ജിന് തകരാറിലായി ആഴക്കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 13 തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ബേപ്പൂര്‍ കൂപ്പിയില്‍ ഹൗസില്‍ അബ്ദുല്‍ സജാദിന്റെ അഫാന് എന്നബോട്ടാണ് പുതിയാപ്പയില് 24നോട്ടിക്കല്‍ മൈല്‍ അകലെ വച്ചു എന്ജിന് തകരാറിലായി നടുക്കടലില്‍ കുടുങ്ങിയത്.
കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മറ്റുബോട്ടുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നു മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷബോട്ടുമായി ചെന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തുകയും കേടുവന്ന ബോട്ടു വലിച്ചു കരയ്ക്കെത്തിക്കുകയും ചെയ്തത്.
ബേപ്പൂരില്‍നിന്നു കഴിഞ്ഞ 28നാണ് ബോട്ട് മത്സ്യബന്ധനത്തിനു പോയത്. കഴിഞ്ഞ ദിവസം രാവിലെ മീന്‍പിടിത്തത്തിനിടെ ബോട്ടിന്റെ ഗിയര്‍ബോക്സ് തകരാറിലായതിനെ തുടര്‍ന്നു എന്ജിന് നിലക്കുകയായിരുന്നു. ആഴക്കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ രക്ഷക്കായി മീന്‍പിടുത്തത്തിലേര്‍പ്പെട്ടിരുന്ന സിറാജ് ബോട്ടിലുള്ളവരെ വിവരം അറിയിച്ചു. ഇവരാണ് ബോട്ട് കേടുവന്ന വിവരം ഉടമയെ അറിയിക്കുന്നത്. ബേപ്പൂര്‍ ഫിഷറീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് സേനാംഗങ്ങളായ സി.പി വിചിത്രന്‍, ആര്. സുരേഷ്, റെസ്ക്യൂ ഗാര്‍ഡുമാരായ താജുദ്ദീന്, ഷൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് കടലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനു പോയത്.
രാത്രി ഏഴോടെയാണ് അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തിയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി സംഘം തകരാറിലായ ബോട്ട് വളരെ പ്രയാസപ്പെട്ടാണ് രാത്രി ഒന്നോടെ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചത്. ഫിഷറീസ് എ.ഡി പി.കെ രഞ്ജിനി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ എസ്.എസ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്കി. രക്ഷപ്പെടുത്തിയ 13 മത്സ്യത്തൊഴിലാളികളില്‍ ഏഴുപേര്‍ ഇതരസംസ്ഥാനക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."