വൃത്തിഹീനമായ ലേബര്‍ ക്യാംപുകള്‍: പ്രദേശവാസികള്‍ ആശങ്കയില്‍
കോവളം: അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന വൃത്തിഹീനമായ ലേബര്‍ ക്യാംപുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയില്‍ സമീപ വാസികള്‍.
വിഴിഞ്ഞം, മുക്കോല, മുല്ലൂര്‍, പുന്നക്കുളം, ഉച്ചക്കട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരവധി ലേബര്‍ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ താമസിക്കുന്ന മുക്കോലയിലെ ലേബര്‍ ക്യാംപിന്റെ അവസ്ഥ ഏറെ ശോചനീയമാണെന്ന് പുറം ലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ പ്രാഥമിക കര്‍ത്തവ്യ നിര്‍വഹണത്തിനടക്കം മതിയായ സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിരുന്നില്ല. ഇവിടെ താല്‍കാലികമായി സ്ഥാപിച്ചിരുന്ന കക്കൂസ് ടാങ്കുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും മലിന ജലവും സമീപത്തെ കിണറുകളില്‍ ഒഴുകിയെത്തി വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രദേശത്തെ പല ക്യാംപുകളും താല്‍കാലിക ഷെഡുകളിലോ അതിന് സമാനമായ കെട്ടിടങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും മാനദണ്ഡം പാലിക്കാതെ ആളുകളെ കുത്തിനിറച്ചിരിക്കുന്ന അവസ്ഥയാണ്. താരതമ്യേന തുച്ഛമായ ശമ്പളത്തില്‍ പണിയെടുക്കുന്ന ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അന്യമാണ്. വേനല്‍ കനത്തതോടെ ഒറ്റപ്പെട്ട സ്ഥലത്ത് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച പൊക്കം കുറഞ്ഞ തകര ഷെഡുകളിലെ ചുട്ടുപൊള്ളുന്ന ചൂടിലാണ് തൊഴിലാളികള്‍ കഴിച്ചുകൂട്ടുന്നത്.
പല ക്യാംപുകളും പുറം ലോകവുമായി ബന്ധമില്ലാത്ത തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിലസ്ഥലങ്ങളില്‍ സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തിയിട്ടുള്ളതുകാരണം മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇവിടങ്ങളിലെ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ പലപ്പോഴും പുറം ലോകം അറിയാറില്ല. തുറമുഖ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ വിഴിഞ്ഞം മുക്കോലയിലെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള രണ്ട് തകര ഷെഡുകളിലായി അദാനിയുമായി ഉപകരാറിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ എത്തിച്ച നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
പൊരിവെയിലില്‍ വെന്തുരുകുന്ന ഷെഡുകളിലെ ജീവിതം ഏറെ ദുസഹമാണെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നു. ഇതിനിടയിലാണ് പല ക്യാംപുകളിലും മന്ത്, മലേറിയ പോലുള്ള മാരകരോഗങ്ങള്‍ ഉള്ളവര്‍ ഇവര്‍ക്കിടയിലുണ്ടെന്ന കണ്ടെത്തല്‍. ആരോഗ്യ വകുപ്പധികൃതര്‍ നടത്തിയ പരിശോധനകളിലാണ് കണ്ടെത്തിയതെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
മാരക രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന തരത്തിലാണ് ലേബര്‍ ക്യാംപുകളിലെ താല്‍കാലിക സെപ്റ്റിക് ടാങ്കിന്റെ നിര്‍മാണം. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകള്‍ക്ക് ഒന്നിനും പുറം മൂടികളില്ല. മണ്ണില്‍ തീര്‍ത്ത കുഴികളുടെ വശങ്ങള്‍ സിമന്റ് കല്ലുകള്‍ കൊണ്ട് പൊതിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരം കുഴികള്‍ മുടാന്‍ പൊട്ടിപ്പൊളിഞ്ഞ തകരഷീറ്റുകളാണുപയോഗിച്ചിരിക്കുന്നത്. ഇവിടങ്ങള്‍ ഈച്ചകളുടെയും കൊതുകിന്റെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇത്തരം ലേബര്‍ ക്യാംപുകളില്‍ സ്ഥിരം പരിശോധനകള്‍ നടത്താനും മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നുറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമൂഹ്യ സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."