ഗതാഗതക്കുരുക്ക്: ഇരിട്ടി പാലത്തില്‍ ഭാരവാഹനങ്ങള്‍ക്കു നിയന്ത്രണം
ഇരിട്ടി: വിഷുത്തിരക്കും കെ.എസ്.ടി.പി റോഡ് നിര്‍മാണവും ഉണ്ടാക്കുന്ന വാഹന തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ ഇരിട്ടി പാലം വഴി വലിയ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. വാഹന തിരക്ക് ഒഴിവാക്കുന്നതിനായി ഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഇരിട്ടി പാലത്തിലൂടെ കയറ്റാതെ വഴി തിരിച്ചുവിടും. ചെങ്കല്‍, കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ പാലം വഴി കടന്നുപോകുന്നത് ഏറെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നു കണ്ടെത്തിയതിനാലാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് എസ്.ഐ പി.സി സഞ്ജയ് കുമാര്‍ പറഞ്ഞു. ചെങ്കല്‍, കരിങ്കല്‍ ലോഡ് കയറ്റിയ നൂറുകണക്കിനു ലോറികളാണു പ്രതിദിനം ഇരിട്ടി പാലം വഴി കടന്നുപോകുന്നത്. പാലം അപകടാവസ്ഥയിലായതിനാല്‍ ഭാരവാഹനം കടന്നുപോയാല്‍ മാത്രമേ മറ്റു ചെറിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ സാധിക്കൂ.
ഇതിനാല്‍ ഒരേസമയം ഒന്നിലധികം ലോറികള്‍ പാലത്തില്‍ പ്രവേശിച്ചാല്‍ അവ കടന്നുപോകുന്നതുവരെ പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതകുരുക്കിനു കാരണമായിരുന്നു. വിഷു ആഘോഷം കൂടി വന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം വര്ധിക്കുമെന്നതിനാലാണു വാഹനതിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ ഭാരവാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇരിട്ടി പാലത്തിലൂടെ ഭാര വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതൊഴിവാക്കി കോളിക്കടവ് ജബ്ബാര്‍ കടവ് പാലം വഴിയും ഇരിക്കൂര്‍ മണ്ണൂര്‍ കടവ് പാലം വഴിയും കടത്തിവിടാനാണു പൊലിസ് ആലോചിക്കുന്നത്. അടുത്ത ദിവസം തന്നെ ഭാര വാഹനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."