ഡെപ്യൂട്ടി കലക്ടര്‍ ഇറങ്ങിപ്പോയി; പഞ്ചായത്ത് പ്രസിഡന്റിനെ റോഡില്‍ തടഞ്ഞു
പള്ളിക്കല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളിലെ ഇരകളെ വിളിച്ചുചേര്‍ത്തു നടത്തിയ യോഗം ബഹളത്തില്‍ കലാശിച്ചു. യോഗത്തില്‍നിന്നു ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ ഇറങ്ങിപ്പോയി. ഭൂമി നഷ്ടപ്പെട്ടവര്‍ക്കു സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും ഇവരുടെ പരാതിക്കു വ്യക്തമായ മറുപടി നല്‍കാതെ നിലവിലുള്ള അലൈന്‍മെന്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ തീരുമാനം അറിയിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്.
ഡെപ്യൂട്ടി കലക്ടറുടെ മറപടി തൃപ്തികരമല്ലാത്തതിനാല്‍ ഇരകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ പൊലിസ് സംരക്ഷണത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇറങ്ങിപ്പോയി. ചേലേമ്പ്രയില്‍ ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന വിധത്തില്‍ തയാറാക്കിയ അലൈന്‍മെന്റ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശപ്രകാരമാണ് തയാറാക്കിയതെന്നാണ് ഇരകള്‍ ആരോപിക്കുന്നത്. യോഗം പൂര്‍ത്തിയാക്കാതെ ഇറങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷിനെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ റോഡില്‍ തടഞ്ഞതു വാക്കേറ്റത്തിനിടയാക്കി.
പ്രശ്‌നം കൈയെങ്കളിയിലെത്തുമെന്നായതോടെ പൊലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍, ഇരകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും യാഥാര്‍ഥ്യം വിശദീകരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ യോഗത്തില്‍ ബഹളം വയ്ക്കുകയാണുണ്ടായതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് പറഞ്ഞു. പുതിയ അലൈന്‍മെന്റ് പ്രകാരം പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെട്ട്യാര്‍മാട് ടൗണില്‍ സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നതൊഴിച്ചാല്‍ വീടുകള്‍ നഷ്ടപ്പെടുന്നില്ല. ചേലേമ്പ്രയില്‍ മാത്രം എഴുപതോളം വീടുകളാണ് നഷ്ടപ്പെടുന്നത്. ഇടിമുഴിക്കല്‍ അങ്ങാടി പൂര്‍ണമായും ഇല്ലാതാകും. നിരവധി കച്ചവട സ്ഥാപനങ്ങളും ടൗണിലെ പള്ളിയും മദ്‌റസയും പൊളിച്ചുമാറ്റേണ്ടിവരും.
യോഗത്തില്‍ ദേശീയപാതാ ലൈസണ്‍ ഓഫിസര്‍ അഷ്‌റഫ്, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, ചേലേമ്പ്ര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അസീസ് പാറയില്‍, അംഗങ്ങളായ വി.പി ഉമറുല്‍ ഫാറൂഖ്, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, കെ.പി കുഞ്ഞിമ്മുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."