പൊലിഞ്ഞത് നാലു ജീവന്‍; ഫായിസിനു വേണ്ടി പ്രാര്‍ഥനയോടെ നാട്
ഫറോക്ക്: ഉപ്പയും ഉമ്മയും രണ്ട് സഹോദരങ്ങളും വിടപറഞ്ഞതറിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ഫായിസ്. കുടുംബത്തിലെ നാലുപേരുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തുന്നവര്‍ ഫായിസിന്റെ ആയുസിനു വേണ്ടിയുള്ള പ്രാര്‍ഥനയിലാണ്. ഇന്നലെ തമിഴ്‌നാട്ടിലെ വാഹനാപകടത്തിലാണ് രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി കളത്തില്‍തൊടി അബ്ദുല്‍ റഷീദ്, ഭാര്യ റസീന, മക്കളായ ലാമിയ തസ്‌നീം, ബാസില്‍ റഷീദ് എന്നിവര്‍ മരിച്ചത്. റഷീദിന്റെ മറ്റൊരു മകനായ ഫായിസാണ് അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രില്‍ കഴിയുന്നത്. അപകട വാര്‍ത്തയറിഞ്ഞ് അഴിഞ്ഞിലത്തെ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് അനുശോചനമറിയിറിയിക്കാന്‍ എത്തിയത്.
പത്തു വര്‍ഷത്തിലേറെയായി അബ്ദുല്‍ റഷീദ് ചെന്നൈയില്‍ ജോലി ചെയ്തുവരികയാണ്. ശങ്കര്‍ നഗറിലെ ആശിഖ് എന്റര്‍പ്രൈസ് സൂപ്പര്‍വൈസറാണ്. മാര്‍ച്ച് 23നാണ് നാട്ടില്‍നിന്നു കുടുംബം ചെന്നൈയിലേക്കു പോയത്. വെള്ളിയാഴ്ച കുടുംബവുമായി റഷീദ് ചെന്നൈയില്‍ നിന്നു കൊടൈക്കനാലിലേക്ക് യാത്രപോയി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കൊടൈക്കനാലില്‍ നിന്നു തിരിക്കുന്നതിനിടയിലാണ് അപകടം പാഞ്ഞടുത്തത്. എതിരേ വന്ന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ റഷീദ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റഷീദും ഭാര്യയും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ആദ്യം തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് ദിണ്ടിഗല്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് അപകടവാര്‍ത്ത നാട്ടിലറിയുന്നത്. നാട്ടിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റഷീദിന്റെയും കുടുംബത്തിന്റെയും വിയോഗ വാര്‍ത്തയറിഞ്ഞ് അടക്കാനാവത്ത നൊമ്പരവുമായാണ് കുടുംബവും നാട്ടുകാരും റഷീദിന്റെ തറവാട് വീട്ടിലേക്കെത്തുന്നത്. ബന്ധുക്കളടങ്ങുന്ന സംഘം ദിണ്ടിഗല്ലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം രാത്രിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."