ഇന്ന് ലോക ഹോമിയോപ്പതി ദിനം: ഹോമിയോപ്പതിയിലൂടെ കാര്‍ഷിക വിപ്ലവമൊരുക്കി ഡോക്ടര്‍
കോഴിക്കോട്: ആരോഗ്യ മേഖലയ്‌ക്കൊപ്പം കാര്‍ഷിക മേഖലയിലും വിപ്ലവം തീര്‍ത്ത് ഹോമിയോ ഡോക്ടര്‍. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രൊഫസറുമായ ഡോ. എം അബ്ദുല്‍ ലത്തീഫാണ് കാര്‍ഷിക മേഖലയില്‍ ഹോമിയോ മരുന്നുമായി രംഗത്തെത്തിയത്. കാര്‍ഷിക വിളകളുടെയും വൃക്ഷലധാതികളുടെയും കീടരോഗ പരിഹാരത്തിനു ഹോമിയോ മരുന്നില്‍ നിന്ന് തയാറാക്കിയ വൈറ്റലൈസറായ ഹോമിയോ അഗ്രോകെയര്‍ എന്ന നാനോ മരുന്നാണ് ഇദ്ദേഹത്തിന്റെ വിപ്ലവത്തിന് വഴിയൊരുക്കുന്നത്.
കൃഷി ആദായകരമാക്കാനും ഗുണമേന്മയേറിയ ഉല്‍പന്നം ലഭിക്കാനും കീടനാശിനികളോ മാരകമായ ഘനലോഹമോ ഇല്ലാത്ത ഉല്‍പന്നം ലഭിക്കാനും ഹോമിയോ അഗ്രോകെയര്‍ എന്ന മരുന്നിലൂടെ സാധിക്കുന്നുവെന്ന് ഇദ്ദേഹം തെളിയിച്ചു കഴിഞ്ഞു. കൊല്ലം പത്തനാപുരത്തുകാരനായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായ കോഴിക്കോട് ജവഹര്‍ നഗറിലാണ് താമസം. പൊതുവെ കൃഷിയോടു താല്‍പര്യം കാണിച്ച ഡോക്ടര്‍ തന്റെ വീടിന്റെ ടെറസിനു മുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. നട്ടുവളര്‍ന്ന് വലുതാവുമ്പോഴേക്കും വിള നശിച്ചപ്പോഴാണ് ഡോക്ടറിന്റെ മനസില്‍ ഹോമിയോ മരുന്നിലൂടെ പരിഹാരം കാണാനാവുമോ എന്ന ആശയമുദിച്ചത്. പിന്നീട് നടത്തിയ പരീക്ഷണമാണ് ഹോമിയോ അഗ്രോകെയര്‍ മരുന്നിലേക്കു വഴിതെളിച്ചത്.
1998 ഫെബ്രുവരി ഏഴിനു സ്വന്തമായി വികസിപ്പിച്ചെടുത്ത മരുന്ന് സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചതോടെ വിജയം കണ്ട ഡോക്ടര്‍ കൃഷി വ്യാപിപ്പിക്കുകയും കൂടുതല്‍ പേരിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കുകയും ചെയ്യുകയായിരുന്നു. ഇന്നു കേരളത്തിലും പുറത്തുമായി അഞ്ചു ലക്ഷത്തിലധികം പേര്‍ ഈ മരുന്ന് ഉപയോഗിച്ച് കൃഷി നടത്തുന്നുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
കൂടാതെ പ്രസ്തുത മരുന്നിന്റെ ഉപയോഗത്തിലൂടെ വെള്ളം ലാഭിച്ചും കൃഷി ചെയ്യാമെന്ന് ഇദ്ദേഹം പറയുന്നു. മരുന്നിന്റെ ഉപയോഗത്തിലൂടെ വിളകള്‍ വര്‍ധിക്കുകയും കീടങ്ങളുടെ ആക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുകയും ചെയ്ത നിരവധി കര്‍ഷകര്‍ ഇന്നും ഈ മരുന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. വേനല്‍കാലത്ത് വെള്ളം നല്‍കാതെ പച്ചക്കറി വിളയിച്ചെടുക്കാനും മരച്ചീനിയിലെ വൈറസ് ബാധ ഒഴിവാക്കാനും തെങ്ങിന്റെ മണ്ഡരി രോഗത്തിനും ഈ മരുന്ന് പ്രയോഗത്തിലൂടെ സാധിച്ചിട്ടുണ്ട്.
കോഴിക്കോട് ബീച്ചിലെയും മാനാഞ്ചിറ മൈതാനത്തെയും സരോവരം ബയോപാര്‍ക്കിലെയും പുല്‍ത്തകിടികള്‍ ഉണങ്ങാതിരിക്കാന്‍ കോര്‍പറേഷന്റെ പ്രത്യേക അനുമതി പ്രകാരം കഴിഞ്ഞവര്‍ഷം മരുന്ന് തളിക്കുകയും ഫലം കാണുകയും ചെയ്തിരുന്നു. ഇത്തവണയും ഇതിനായുള്ള ശ്രമത്തിലാണ് ഡോക്ടര്‍. സ്വന്തമായി വികസിപ്പിച്ചെടുത്ത ഹോമിയോ അഗ്രോകെയര്‍ കൊണ്ട് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ആന, കാട്ടുപന്നി, മുള്ളന്‍പന്നിയുള്‍പ്പെടെ വന്യജീവികളില്‍ നിന്ന് രക്ഷനേടാനുതകുന്ന തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ പുഴകളില്‍ പ്രത്യക്ഷപ്പെട്ട് വരുന്ന ബ്ലൂ ഗ്രീന്‍ ആല്‍ഗക്കെതിരേയും പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് ലത്തീഫ് ഡോക്ടര്‍. ഗ്ലോക്കോമ, റെറ്റിനെറ്റിസ്പിഗ്മെന്റോസ, ഒപ്റ്റിക്‌നെര്‍വ് അട്രോഫി തുടങ്ങി കണ്ണു സംബന്ധമായ രോഗങ്ങള്‍ക്കും ആല്‍കപ്റ്റനൂറിയ (മൂത്രം കറുത്ത നിറത്തില്‍ പോകുന്ന രോഗം), ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഡോക്ടറുടെ അടുത്ത് ചികിത്സയുണ്ട്. ഹോമിയോ മേഖലയിലെ സേവനങ്ങള്‍ക്കായി എഫ്.എ.എം ഇന്ത്യാ അവാര്‍ഡ് (1993), കേരള ഹോമിയോപതി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഐ.എച്ച്.കെ അവാര്‍ഡ് (1998), മാനവസേവാ അവാര്‍ഡ് (2004), ഡോ.എന്‍.കെ ജയറാം ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് (2007), ഡോ.കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ അവാര്‍ഡ് (2008) എന്നിവ ഇദ്ദേഹത്തെ തേടിയെത്തിയ നേട്ടങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."