കുടിവെള്ളം മുടങ്ങുന്നത് നഗരവാസികളെ വലയ്ക്കുന്നു
തൊടുപുഴ: പല ദിവസവും പൈപ്പിലൂടെ വെള്ളം കിട്ടാതായതോടെ നഗരത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതിയായ അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലായി.
നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം പൊട്ടിക്കിടക്കുന്ന പൈപ്പുകള്‍ നന്നാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. നഗരസഭാ പ്രദേശത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പു പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ ജല അതോറിറ്റി അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
പലയിടത്തും മാസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. തൊടുപുഴ-കാഞ്ഞിരമറ്റം റോഡില്‍ മുതലിയാര്‍മഠം ജംക്ഷനിലും കാഞ്ഞിരമറ്റത്തിനു സമീപവും പൈപ്പുകള്‍ പൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ഇതേവരെ ഇതു നോക്കാന്‍പോലും ആരും എത്തിയില്ലെന്നാണു പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ പൈപ്പ് പൊട്ടി ദിനംപ്രതി ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാകുന്ന വിവരം ജല അതോറിറ്റി അധികൃതരെ അറിയിച്ചതാണെങ്കിലും നന്നാക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
തൊടുപുഴ ന്യൂമാന്‍ കോളജിന്റെ പ്രവേശന കവാടത്തിനു താഴ്ഭാഗത്ത് ബൈപാസ് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായെങ്കിലും ഇതും ആരും ഗൗനിക്കുന്നില്ല. ജല അതോറിറ്റിയിലെ ഉന്നത ഉദ്യോാഗസ്ഥര്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന റോഡാണ്. കാരിക്കോട് - തെക്കുംഭാഗം റോഡില്‍ കീരികോട് ഭാഗത്ത് മുസ്ലിം പള്ളിക്കു സമീപത്തും ഇതുപോലെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട ് ആറു മാസം കഴിഞ്ഞു.
പരാതിയെത്തുടര്‍ന്ന് ഇതിനു സമീപം കാരിക്കോട് സഹകരണ ബാങ്കിനു സമീപമുണ്ടായിരുന്ന തകരാര്‍ പരിഹരിച്ചെങ്കിലും ഇവിടത്തെ തകരാര്‍ പരിഹരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."