HOME
DETAILS

ഹൈക്കോടതി അതിര്‌വിട്ടു

  
backup
April 10 2018 | 17:04 PM

high-court

ഡോ. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം ശരിവച്ച് സുപ്രിംകോടതി നടത്തിയത് ഗൗരവമുള്ള നിരീക്ഷണങ്ങളാണ്. ഇഷ്ടമുള്ള മതത്തിലേക്കു മാറാനും പങ്കാളിയെ തെരഞ്ഞെടുക്കാനുമുള്ള പൗരന്റെ അവകാശങ്ങള്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണെന്നും രക്ഷാകര്‍ത്താക്കള്‍ക്കോ ഭരണകൂടത്തിനോ കോടതിക്കോ അതില്‍ ഇടപെടാനാവില്ലെന്നും സുപ്രിംകോടതി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഹാദിയ ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കിയതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യമായ വിഷയത്തിലാണു ഹൈക്കോടതി ഇടപെട്ടത്. ഭരണകൂടത്തിന്റെ അധികാരപ്രയോഗത്തിലൂടെ സ്വാതന്ത്ര്യം ഹനിക്കുന്ന പൊതുദൃശ്യങ്ങള്‍ വിനാശകരമാണെന്നും പൗരന്റെ സ്വാതന്ത്ര്യബോധത്തെ ഭീതി നിശ്ശബ്ദമാക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഉത്തരവില്‍ അച്ഛനെ ഉദ്ധരിക്കുന്ന രണ്ടിടത്ത് മാത്രമാണ് അഖില എന്ന ഹാദിയ എന്ന് ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം ഹാദിയ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

ഹാദിയയുടെ ഇഷ്ടം അംഗീകരിക്കാതിരിക്കുക വഴി, പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ഹൈക്കോടതി ഭരണഘടനാപരമായ അവകാശം നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരുനിലയ്ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ് ഹൈക്കോടതിയുടെ നടപടി. അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കലല്ല, മറിച്ച് അവ ഉയര്‍ത്തിപ്പിടിക്കുകയാണ് കോടതി ചെയ്യേണ്ടത്. മകളുടെ അവകാശം ഉറപ്പാക്കുന്നതിന്റെ പേരില്‍ തന്റെ അവകാശങ്ങള്‍ വലിയതോതില്‍ ലംഘിക്കപ്പെട്ടെന്ന ധാരണ ഒരു അച്ഛന് ഉണ്ടായേക്കാം. എന്നാലും സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹംചെയ്ത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കു ലഭിക്കേണ്ട മൗലികാവകാശങ്ങള്‍ തടയാന്‍ അച്ഛന്റെ അത്തരം ധാരണകള്‍ കാരണമായിക്കൂടാ. എന്നിരിക്കെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം, ഇരുവരും അതില്‍ ഉറച്ചുനില്‍ക്കെ അത് റദ്ദാക്കിയ ഹൈക്കോടതി വിധി തീര്‍ത്തും തെറ്റാണ്. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കുന്നതോടൊപ്പം, ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിവരുന്ന അന്വേഷണം തുടരാമെന്ന് ഉത്തരവിടുന്നുവെന്നും എന്നാല്‍, വിവാഹത്തെ കുറിച്ച് അന്വേഷണം പാടില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
ചില സാമൂഹിക പ്രതിഭാസങ്ങള്‍മൂലം ഹൈക്കോടതി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിവാഹം റദ്ദാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ നിന്നു മനസ്സിലാവുന്നത്. വിവാഹം റദ്ദാക്കിയ കോടതിവിധിയില്‍ ഈ ബെഞ്ചിന് വിഷമമുണ്ട്. വിവാഹത്തെ റദ്ദാക്കേണ്ട ഒന്നും തന്നെ കേസിലില്ലെന്ന് വ്യക്തമായിട്ടുണ്ട്. കേസിന്റെ തുടക്കംമുതല്‍ തന്നെ അച്ഛന്‍ അശോകനൊപ്പം പോവേണ്ട എന്ന നിലപാടാണ് ഹാദിയ സ്വീകരിച്ചത്. ഇക്കാര്യം അവര്‍ ഹൈക്കോടതി മുമ്പാകെയും വ്യക്തമാക്കിയതാണ്. എന്നിട്ടും മകളോടുള്ള അതിയായ സ്‌നേഹം കൊണ്ടാവാം അച്ഛന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പസ് ഹരജി നല്‍കിയത്. ഇതേതുടര്‍ന്ന് കോടതിയില്‍ ഹാജരായ ഹാദിയ, ഷെഫിനെ ഇഷ്ടമാണെന്നും അദ്ദേഹം ഭര്‍ത്താവാണെന്നും വ്യക്തമാക്കി. (പോപുലര്‍ഫ്രണ്ട് വനിതാ നേതാവ്) സൈനബയുടെ കൂടെ കഴിഞ്ഞുവെന്ന കാരണം കൊണ്ട്, പ്രായപൂര്‍ത്തിയായ ഹാദിയക്ക് ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ പാടില്ല എന്നില്ല. മാതാപിതാക്കളുടെ അമിത ലാളനയുടെ പേരില്‍ ഒരു വ്യക്തിക്ക് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഹനിക്കപ്പെടാന്‍ പാടില്ല. ഈ യാഥാര്‍ഥ്യമാണ് ഹൈക്കോടതി ലംഘിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്കു തെറ്റുപറ്റി. ഹാദിയയുടെ ഇഷ്ടം അവര്‍തുറന്നുപറഞ്ഞ സ്ഥിതിക്ക് അവരുടെ ഇഷ്ടത്തിനുവിടുകയായിരുന്നു ഹൈക്കോടതി ചെയ്യേണ്ടിയിരുന്നത്.
പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം സംബന്ധിച്ച കേസിലേക്ക് മതമൗലികവാദം ഉള്‍പ്പെടെയുള്ള ബാഹ്യഘടകങ്ങള്‍ വലിച്ചിഴച്ചതിലൂടെ ഹൈക്കോടതിക്കു വീണ്ടും തെറ്റുപറ്റി. മകളെ കണ്ടുകിട്ടണമെന്നാവശ്യപ്പെടുന്ന വെറുമൊരു ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത് തീര്‍ത്തും അനാവശ്യ നടപടിയാണ്. ഹാദിയ തെരഞ്ഞെടുത്ത പങ്കാളിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ അക്കാര്യം കൈകാര്യംചെയ്യാന്‍ നിയമപാലകരുണ്ട്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നല്‍കുകയായിരുന്നു ഹൈക്കോടതി ചെയ്യേണ്ടത്. എന്നാല്‍, ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിനു പകരം തെറ്റായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഹാദിയയെ ഷെഫിന്‍ജഹാന്‍ വിദേശത്തേക്ക് കടത്തുകയാണെന്ന അശോകന്റെ ആരോപണത്തില്‍ കോടതി വീഴുകയായിരുന്നു. ഇത്തരം നടപടികള്‍ ഹേബിയസ് കോര്‍പസ് ഹരജിക്കു കീഴില്‍ വരുന്നതല്ല. ഇക്കാര്യത്തില്‍ രാജ്യത്തെ നിയമപാലക ഏജന്‍സികളാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.
സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി മാസങ്ങളോളും വീട്ടുതടങ്കലില്‍ കഴിഞ്ഞ ഹാദിയക്ക് ആ ദിവസങ്ങള്‍ ഇനി തിരികെ ലഭിക്കില്ല. ഹാദിയക്ക് യോജിച്ച പങ്കാളിയാണോ ഷെഫിന്‍ എന്ന് പരിശോധിച്ചതുവഴി ഹൈക്കോടതി അമിതാധികാരം ഉപയോഗിക്കുകയും അധികാരപരിധിക്കും അപ്പുറത്തുള്ള മേഖലയിലേക്കു കടക്കുകയുംചെയ്തിരിക്കുകയാണ്. ഹാദിയ ദുര്‍ബലയും ചൂഷണംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ഒരിക്കലും ഒരുകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ സ്ത്രീയാണ് ഹാദിയ എന്ന പരിഗണനയില്ലാതെയാണ് കേരളാ ഹൈക്കോടതിയുടെ ഈ കണ്ടെത്തലുകള്‍. രാജ്യത്തിന്റെ ബഹുസ്വരതയിലാണ് ഭരണഘടനയുടെ ശക്തി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണകൂടനിയന്ത്രണത്തിനു പുറത്താണ്. ഇത് വകവച്ചുകൊടുക്കാന്‍ കോടതിക്കും ബാധ്യതയുണ്ട്. ഇത്തരം അവകാശങ്ങളില്‍ കോടതി കൈക്കടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന് ഉറപ്പുനല്‍കുന്നു. നിയമപരമായ മാര്‍ഗത്തിലൂടെ അല്ലാതെ ഈ അവകാശം തിരിച്ചെടുക്കാനാവില്ല. വസ്ത്രം, ഭക്ഷണം, ആശയങ്ങള്‍, പ്രണയം, വിവാഹം തുടങ്ങിയവയൊക്കെയും വ്യക്തിയുടെ സ്വത്വത്തിന്റെ മേലുള്ള ഘടകങ്ങളാണ്.
ഹാദിയയുടെ അഭിമാനവും സ്വാതന്ത്ര്യവും ഹൈക്കോടതിയാല്‍ ആക്ഷേപിക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഒഴിച്ചുകൂടാനാവാത്ത പ്രത്യേകസാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായവരെ രക്ഷിതാക്കള്‍ക്കൊപ്പം വിടാവുന്നതാണ്. മനോരോഗികള്‍, പ്രത്യേകപരിചരണം ആവശ്യമായവര്‍ എന്നിവരുടെ കാര്യത്തിലേ ഇങ്ങനെ ചെയ്യാവൂ. ഇത്തരം കുട്ടികളുടെയോ വ്യക്തികളുടെയോ രക്ഷാകര്‍തൃത്വം രാജ്യം ഏറ്റെടുക്കുന്ന തത്വത്തിന് (പേരെന്റ് പാട്രിയാക്) ഈ കേസില്‍ പ്രസക്തിയില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ ഈ തത്വം ഉപയോഗിക്കേണ്ടതുള്ളൂ. അതിനും പല പരിമിതികളുമുണ്ട്. ഹാദിയയും ഷെഫിനും പ്രായപൂര്‍ത്തിയായവരാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരവും ഇരുവരും തമ്മിലുള്ള വിവാഹം സാധുവാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹം ഒരു കരാറാണ്. വരനും വധുവും മുസ്‌ലിം ആവണം, രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയാവണം, പ്രായപൂര്‍ത്തിയായ രണ്ടുസാക്ഷികളുടെ സാന്നിധ്യം, മഹര്‍ (വിവാഹമൂല്യം), വധുവിനും വരനും വിവാഹം നിഷിദ്ധമായ ബന്ധത്തില്‍ (മഹ്‌റം) പെട്ടതാവാതിരിക്കല്‍ എന്നിവയാണ്. ഈ നിബന്ധനകള്‍ എല്ലാം പാലിച്ചാണ് ഇരുവരുടെയും വിവാഹമെന്ന് ഉത്തരവ് വ്യക്തമാക്കി.

 

ഹൈക്കോടതിയുടെ തെറ്റുകള്‍ സുപ്രിംകോടതി തിരുത്തി

 

ഹാദിയാ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധംനിറഞ്ഞതും നിയമപിന്‍ബലമില്ലാത്തുമായ വിധിയെ തിരുത്തുകയാണ് സുപ്രിംകോടതി ചെയ്തതെന്ന് കേസിലെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു. ഇതാണ് നിയമം എന്നു സുപ്രിംകോടതി ഹൈക്കോടതിക്കു കാണിച്ചുകൊടുത്തിരിക്കുന്നു.
ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം ഏതൊരു പൗരനുമുള്ള മൗലികമായ അവകാശം ഹാദിയക്ക് നിഷേധിക്കപ്പെട്ടു. അവരുടെ സ്വകാര്യകാര്യങ്ങളില്‍ വരെ ഹൈക്കോടതി ഇടപെട്ടു. ഇതെല്ലാം ഗുരുതര നിയമവീഴ്ചയായിട്ടാണ് സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത്. ഇതു കേസിന്റെ തുടക്കംമുതല്‍ നമ്മള്‍ ചൂണ്ടിക്കാട്ടിയ കാര്യമാണ്. ഒരു ഹേബിയസ് കോര്‍പസ് ഹരജിയില്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു.
ഹരജിയില്‍ പറഞ്ഞ വ്യക്തിയെ കോടതിയില്‍ ഹാജരാക്കി, അവരുടെ നിലപാട് അറിഞ്ഞ ശേഷം അതനുസരിച്ച് നടപടിയെടുക്കുകയാണ് കോടതി ചെയ്യേണ്ടത്. ഇവിടെ അതുണ്ടായില്ല. അത് ഏറ്റവും വലിയ നിയമലംഘനമാണ്. കേസില്‍ ഒരുഘട്ടത്തില്‍ സുപ്രിംകോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് തന്നെ അതുവേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ഉളവാക്കുന്നതാണ് അവസാനഖണ്ഡികയിലെ പരാമര്‍ശങ്ങള്‍. എന്‍.ഐ.എ അവരുടെ നിയമത്തില്‍ പറഞ്ഞ അധികാരപരിധിക്കുള്ളില്‍ നിന്നു മാത്രമെ ചെയ്യാന്‍ പാടുള്ളൂ. അതുപോലെ വിവാഹം പോലുള്ളതില്‍ ഇടപെടരുതെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതീക്ഷിച്ച വിധി തന്നെ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇത് വളരെ സ്വാഗതാര്‍ഹമാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago