കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബു അച്ചാരത്ത് അന്തരിച്ചു
കണ്ണൂര്‍: ആദ്യമായി രഞ്ജി ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനും കാലിക്കറ്റ് സര്‍വകലാശാല ടീം കോച്ചുമായിരുന്ന ബാബു അച്ചാരത്ത് (85) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ്. പത്തു സീസണുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച ബാബു അച്ചാരത്ത് ആറുതവണ കേരളത്തെ നയിച്ചിട്ടുണ്ട്. 16 മത്സരങ്ങള്‍ കളിച്ചു. 1956-57 ല്‍ ആന്ധ്രക്കെതിരേയാണ് അരങ്ങേറ്റം. 1965-66ല്‍ ഹൈദരാബാദിനെതിരേ അവസാന സീസണ്‍ കളിച്ചു. 1972 മുതല്‍ 22 വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല ടീം പരിശീലകനായിരുന്നു. 1938 ജനുവരി 11ന് തലശ്ശേരിയിലെ അച്ചാരത്ത് കുടുംബത്തില്‍ ചൊവ്വക്കാരന്‍ പഴയപറമ്പത്ത് പോക്കുക്കേയിയുടെയും അച്ചാരത്ത് ബീച്ചുമ്മയുടെയും മകനായി ജനിച്ചു. ഭാര്യ: ഇ. റംലാബീവി. മക്കള്‍: റഷീദാ ബാനു (ഖത്തര്‍), മുഷ്താഖ് അലി (കുവൈത്ത്), പരേതയായ സൈറാബാനു. മരുമക്കള്‍: അഷറഫ് ബാബു (എല്‍.ഐ.സി ഡവലപ്‌മെന്റ് ഓഫിസര്‍, കണ്ണൂര്‍), മൊയ്തീന്‍ പടിയത്ത് (ഖത്തര്‍), ഷബ്‌നം മുഷ്ത്താഖ്. സഹോദരങ്ങള്‍: മറിയം, ജാഫര്‍, അബ്ദുല്‍ഖാദര്‍, ഉമ്മര്‍, പരേതരായ മൊയ്തുസാഹിബ്, ഉമ്മി. മൃതദേഹം ഇന്ന് രാവിലെ 11 വരെ പുഴാതി ഹൗസിങ് കോളനിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ഒന്നിന് സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."