ധനകാര്യ കമ്മിഷന്‍: ആശങ്കകള്‍ അസ്ഥാനത്തെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: ധനകാര്യ കമ്മിഷനെക്കുറിച്ച് ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 15ാം ധനകാര്യ കമ്മിഷനെക്കുറിച്ച് തെറ്റായ വിവാദങ്ങളാണ് ഉണ്ടാകുന്നത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, കര്‍ണാടക സംസ്ഥാനങ്ങള്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ധനകാര്യമന്ത്രി .
ധനകാര്യ കമ്മിഷന്‍ എതെങ്കിലും സംസ്ഥാനങ്ങള്‍ക്കോ മേഖലകള്‍ക്കോ എതിരായിട്ടുള്ളതല്ല. വസ്തുതയെ വളച്ചൊടിച്ചാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശമാണ് 15ാം ധനകാര്യ കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക രംഗത്തുണ്ടാകുന്ന പോരായ്മ മറികടക്കാന്‍ ധനകാര്യ കമ്മിഷന്‍ വഴി സാധ്യമാകും. ധനകാര്യ കമ്മിഷന്‍ നല്‍കുന്ന ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നികുതി അനുവദിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ വിഹിതം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് 15ാം കേന്ദ്ര ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളെന്ന് ഈ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് കമ്മിഷന്‍ നടപടി സ്വീകരിക്കുന്നത്. ഇതുവരെ 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരുന്നു ധനകാര്യ കമ്മിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് വിഹിതം കുറയ്ക്കാന്‍ പുതിയ ധനകാര്യ കമ്മിഷന്‍ വ്യവസ്ഥ ഉണ്ടാകുമെന്ന ആശങ്കയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫണ്ട് അനുവദിക്കുന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."