അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: മാനേജരെയും ക്ലാര്‍ക്കിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
പോത്തന്‍കോട്: അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് മൂന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് മാനേജരെയും ക്ലര്‍ക്കിനെയും ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.
അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കിന്റെ ചേങ്കോട്ടുകോണം ബ്രാഞ്ച് മാനേജരും സി.പി.എം കാട്ടായിക്കോണം ലോക്കല്‍ കമ്മറ്റി അംഗവും കാട്ടായിക്കോണം കോണത്തുവീട്ടില്‍ ശശികല (54) ഇതേ ബ്രാഞ്ചിലെ സീനിയര്‍ ക്ലര്‍ക്കും പാര്‍ട്ടി ബ്രാഞ്ച് അംഗവുമായ ചേങ്കോട്ടുകോണം ഗുരുദേവപുരത്ത് താമസിക്കുന്ന കുശലകുമാരി (48) യെയുമാണ് അറസ്റ്റു ചെയ്തത്.
ശശികലയെ ഇന്നലെ രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്നും കുശലകുമാരിയെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയുമാണ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടന്ന ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പാണിത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പണയ സ്വര്‍ണം നാള്‍വഴിയുമായി പരിശോധിച്ച് സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘമാണ് ക്രമക്കേട് കണ്ടെത്തിയത്.
ഇതില്‍ 2.25 കോടി രൂപയും തട്ടിയെടുത്തത് പോത്തന്‍കോട് റീന കോട്ടേജില്‍ സുബൈദ എന്നുവിളിക്കുന്ന റീനയാണ്, സഹകരണ ബാങ്കുകളില്‍ ഒരാള്‍ക്ക് സ്വര്‍ണം പണയം വയ്ക്കാവുന്ന പരമാവധി തുക 40 ലക്ഷമാണ്.2016 മാര്‍ച്ചിന് ശേഷം റീന അറുപത് തവണകളിലായിട്ടാണ് 2.25 കോടി രൂപയ്ക്ക് സ്വര്‍ണം പണയം വച്ചത്.
പരിശോധനയില്‍ മുഴുവന്‍ ഉരുപ്പടിയും മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ശാഖയില്‍ വിളിച്ചുവരുത്തിയ റീനയെ ചോദ്യം ചെയ്തപ്പോള്‍ മുക്കുപണ്ടമാണെന്ന് സമ്മതിച്ചിരുന്നു സഹകരണ ബാങ്കുകളില്‍ പണയ സ്വര്‍ണം പരിശോധിക്കുന്നതിന് അപ്രൈസര്‍മാരോ മറ്റ് സംവിധാനങ്ങളോ നിലവിലില്ല. ഈ സാഹചര്യമാണ് തട്ടിപ്പ് സംഘം മുതലാക്കിയത്.
ക്രമക്കേടിനെ തുടര്‍ന്ന് ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം ചേര്‍ന്ന് ശാഖാമാനേജറെയും ഹെഡ് ക്ലാര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിന്റെ എം.ഡി അനിതകുമാരിയെ താക്കിത് ചെയ്യാനും യോഗം തീരുമാനിച്ചിരുന്നു.
ക്രമേക്കേടുമായി ബന്ധപ്പെട്ട മുഖ്യപ്രതി വാളയാര്‍ ജോയിന്റ് ആര്‍.ടി.ഒ. അബ്ദുള്‍ നവാസിന്റെ ഭാര്യ പോത്തന്‍കോട് റീന കോട്ടേജില്‍ റീന (48) നെ കൂടാതെ അയിരൂപ്പാറ പ്ലാമൂട് എസ്.ബി നിവാസില്‍ ഷീബ (32), വെമ്പായം കാറുക്കോണം അബ്ബാസ് മന്‍സിലില്‍ ഷീജ ഷുക്കൂര്‍ (42), റീനയുടെ കാര്‍ ഡ്രൈവര്‍ സാജിദ് (27) എന്നിവരെ കേസ് ആദ്യം അന്വോഷിച്ച പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത റിമാന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ലോക്കല്‍ പൊലീസ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ചാണ് ക്രൈം ബ്രാഞ്ച് സി.ഐ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കേസിന്റെ അന്വോഷണ ചുമതല സര്‍ക്കാര്‍ കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."