ഓടകളിലേക്കുള്ള മാലിന്യക്കുഴലുകള്‍ അടയ്ക്കാന്‍ കൗണ്‍സിലര്‍മാരുടെ സ്‌ക്വാഡുകള്‍
തൊടുപുഴ: നഗരപരിധിയിലെ ഓടകളിലേക്കുള്ള മാലിന്യക്കുഴലുകള്‍ അടയ്ക്കാന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ പരിശോധനയ്ക്കിറങ്ങുന്നു. 35 കൗണ്‍സിലര്‍മാര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരസഭയിലെ മുഴുവന്‍ ഓടകളും പരിശോധിച്ച് തുറന്നിരിക്കുന്ന മാലിന്യക്കുഴലുകള്‍ സിമന്റും ചാക്കുമുപയോഗിച്ച് അടയ്ക്കാനാണു തീരുമാനം. ഓടകള്‍ക്ക് മുകളിലെ ഫുട്പാത്തുകളില്‍ നടത്തുന്ന വഴിയോരക്കച്ചവടങ്ങള്‍ ഒഴിവാക്കാനും ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. വെങ്ങല്ലൂര്‍ കവലയിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഓടകളിലേക്ക് തുറന്നിരിക്കുന്ന മാലിന്യക്കുഴലുകള്‍ അടയ്ക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് വന്നു. തുടര്‍ന്ന് ഒറ്റക്കെട്ടായി തീരുമാനം നടപ്പിലാക്കാന്‍ കൗണ്‍സിലില്‍ അഭിപ്രായം ഉയരുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് വിവിധ മേഖലകളില്‍ പരിശോധന നടത്തും. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇവരോടൊപ്പം ഉണ്ടാകും. അതാത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ ഓടകളും പരിശോധിക്കാനും എതിര്‍പ്പുകളെ നേരിടാനുമാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
മാര്‍ഗ തടസമുണ്ടാക്കി ഓടയ്ക്ക് മുകളില്‍ നടക്കുന്ന വഴിയോരക്കച്ചവടങ്ങള്‍ ഉടന്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. തട്ടുകടകളും ഇറച്ചിമീന്‍ കടകളും മറ്റും മാലിന്യങ്ങള്‍ വ്യാപകമായി ഓടയിലേക്ക് തള്ളുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍ ആരോപിച്ചു.എന്നാല്‍ ചെറുകിടക്കാരെ മാത്രം ലക്ഷ്യം വെക്കാതെ വന്‍കിടക്കാരുടെ നടപ്പാത കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് എല്‍.ഡി.എഫ്. കൗണ്‍സിലര്‍ കെ.കെ.ഷിംനാസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നടപ്പാതയിലെ കച്ചവടം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നഗരത്തിലെ പരമാവധി ഓട്ടോസ്റ്റാന്‍ഡുകള്‍ അളന്ന് തിരിച്ച് നല്‍കാനും തീരുമാനമായി. പാതയോരത്ത് നിന്നും 1.5 മീറ്റര്‍ മാറി മാത്രമേ ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തിക്കാവുള്ളു എന്ന് ഹോട്ടലുടമ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് നഗരത്തിലെ 55 ഓട്ടോ സ്റ്റാന്‍ഡുകളില്‍ മൂന്നെണ്ണം ഒഴിച്ചുള്ളവയെല്ലാം അനധികൃതമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിലും നിയമം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."