മള്‍ട്ടി ജി.പി ജലനിധി പദ്ധതിയുടെ വെള്ളം ചോരുന്നു
മാള : ജലനിധിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായ മാള മള്‍ട്ടി ജി.പി പദ്ധതിയുടെ നിലനില്‍പു തന്നെ അപകടത്തിലാക്കുന്ന വിധം വെള്ളം ചോരുന്നു. നിത്യവും നാലു ലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളമാണു കണക്കില്‍ പെടാതെ പാഴാകുന്നത്. ആയിരം ലിറ്ററിനു 10 രൂപ നിരക്കു കണക്കാക്കിയാല്‍ തന്നെ ഒരുമാസം ജലനിധിക്കു അനധികൃത ചോര്‍ച്ച മൂലം നഷ്ടമാകുന്നതു 1.2 ലക്ഷം രൂപയാണ്. ഇക്കാരണത്താല്‍ തന്നെ ജലനിധിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുമാകുന്നില്ല. 365 ദിവസവും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുമെന്ന പ്രഖ്യാപന ലക്ഷ്യം ദൂരെയാണിപ്പോള്‍. ജലനിധി പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും കുടിവെള്ളം ലഭ്യമാക്കുകയെന്നതായിരുന്നു.
വാട്ടര്‍ അതോറിറ്റി 30 വര്‍ഷത്തോളം ജലവിതരണം നടത്തിയിട്ടും പത്തു ദിവസത്തെ ഇടവേളകളില്‍ മാത്രമാണു വേനലില്‍ വെള്ളം ലഭ്യമാക്കാന്‍ സാധിച്ചിരുന്നത്. ഇതിനു പരിഹാരമായാണു 85 കോടി രൂപ മുതല്‍ മുടക്കി പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. ശൂദ്ധീകരണശാലയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, പുതിയ പമ്പിംഗ് മെയില്‍ സ്ഥാപിക്കല്‍, പഞ്ചായത്ത് തോറും ജലസംഭരണികള്‍ നിര്‍മ്മിക്കല്‍, പുതിയ കണക്ഷനുകള്‍ നല്‍കല്‍ എല്ലാം പൂര്‍ത്തിയായി. കഴിഞ്ഞ 10 മാസമായി ജലനിധിയാണു കുടിവെള്ള വിതരണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്.
ജലനിധി വിതരണം ഏറ്റെടുത്തിട്ടും എല്ലായ്‌പ്പോഴും വെള്ളമെന്ന പ്രഖ്യാപനം സാധ്യമായില്ല. കുഴൂര്‍, അന്നമനട പഞ്ചായത്തുകളില്‍ മാത്രമാണു ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുന്നത്. മാള പഞ്ചായത്തില്‍ മൂന്നു ദിവസത്തില്‍ ഒരിക്കലാണു വെള്ളമെത്തുന്നത്. അവശേഷിക്കുന്ന പഞ്ചായത്തുകളായ പുത്തന്‍ചിറ, പൊയ്യ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളില്‍ നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഇപ്പോള്‍ വെള്ളം ലഭിക്കുന്നുള്ളു. ജലനിധിക്കു ഇപ്പോള്‍ 28650 ഉപഭോക്താക്കളാണുള്ളത്. ഇവരില്‍ 11,000 പേര്‍ മുന്‍പത്തെ വാട്ടര്‍ അതോറിറ്റിയുടെ ഉപഭോക്താക്കളാണ്. ഇവരിലാണു അനധികൃത ഉപഭോഗം കൂടുതലായുള്ളത്.
ഭൂമിക്കടിയില്‍ വലിയ ടാങ്കുകള്‍ നിര്‍മ്മിച്ചു വെള്ളം സംഭരിക്കുന്നവരും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വെള്ളം കിണറുകളിലേക്കും മറ്റും തുറന്നു വിടുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇവരില്‍ പകുതിയിലേറെ പേരുടേയും മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമവുമല്ല. ഇക്കാരണത്താല്‍ തന്നെ ജലചൂഷണം കണ്ടുപിടിക്കാന്‍ അധികൃതര്‍ക്കു ഒരിക്കലും കഴിയുന്നുമില്ല. ഉടമകളാണു മീറ്റര്‍ മാറ്റി സ്ഥാപിക്കേണ്ടതെങ്കിലും പ്രശ്‌ന പരിഹാരത്തിനായി ജലനിധി തന്നെ കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."