ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി: മൃതദേഹങ്ങളെ തേടി ഉറുമ്പും എലിയും
ഇരിങ്ങാലക്കുട: താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നതു ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പൊലിസ്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിലാണു ട്രാഫിക്ക് പൊലിസ് എസ്.ഐ തോമസ് വടക്കന്‍ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.
മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ച്ചയാണു മോര്‍ച്ചറിയിലെന്നു പൊലിസ് പറഞ്ഞു. തന്റെ ബന്ധു മരിച്ചു മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം പുളിയുറുമ്പു പൊതിഞ്ഞ നിലയിലായിരുന്നുവെന്നു യോഗത്തില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജുവും പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പൊലിസ് രേഖപെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പൊലിസ് സര്‍ജന്റെ ചോദ്യത്തിനു മറുപടിയില്ലെന്നും പൊലിസ് പറഞ്ഞു. പിന്നിടുള്ള അന്വേഷണത്തിലാണു മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി മനസിലായത്. അപകട മരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു.
മുന്‍സിപ്പാലിറ്റിയുടെ അനാവസ്ഥയാണു ഈ ദുരവസ്ഥയ്ക്കു കാരണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മോര്‍ച്ചറിയെ കുറിച്ചു ആരും ഇത്തരത്തില്‍ പരാതി അറിയിച്ചിട്ടില്ലെന്നും താലുക്കാശുപത്രി സൂപ്രണ്ട് മിനിമോള്‍ പറഞ്ഞു.
മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയുടെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി അഞ്ചു ലക്ഷം രൂപ നവീകരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും എലികളും മറ്റു ക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ചു മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."