കൂട്ടുപുഴ പാലം നിര്‍മാണത്തില്‍ പ്രതിസന്ധി: അനക്കമില്ലാതെ കേരളം; നിലപാടിലുറച്ച് കര്‍ണാടക
സ്വന്തം ലേഖകന്‍
ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയില്‍ പുതുതായി നിര്‍മിക്കുന്ന കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തിയില്‍ കൂട്ടുപുഴയില്‍ പുതുതായി നിര്‍മിക്കുന്ന കൂട്ടുപുഴ പാലം നിര്‍മാണം പ്രതിസന്ധിയില്‍. കര്‍ണാടക വനംവകുപ്പ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം സ്തംഭിച്ചു. ലോകബാങ്ക് സഹായത്തോടെ മെയ് അവസാനവാരം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കത്തക്ക വിധത്തില്‍ അതിവേഗത്തിലായിരുന്നു പാലം പ്രവൃത്തി ഉള്‍പ്പെടെയുള്ള റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി നടത്തിയിരുന്നത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കവുമായി കര്‍ണാടക വനംവകുപ്പ് പാലം നിര്‍മാണത്തിനെതിരേ തടസവാദവുമായി രംഗത്തുവന്നതോടെ മൂന്നുമാസമായി കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നിലച്ച മട്ടിലാണ്.
കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ കൊടുംവളവിലുള്ള ബ്രിട്ടീഷ് നിര്‍മിതപാലം അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗത തടസമായി വര്‍ഷങ്ങളേറെയായി ദുരിതംപേറുകയാണ്. ലോറികളും ബസുകളും ഉള്‍പ്പെടെ ചരക്ക് വാഹനങ്ങളും ഈപാലം വഴി കടന്നുപോകാന്‍ സമയം ഏറെയെടുക്കും. ഇതു ഗതാഗതക്കുരുക്കിനും കാരണമായിരുന്നു.
കാലപ്പഴക്കത്താല്‍ പഴകി ദ്രവിച്ച് അപകടാവസ്ഥയിലായ പഴയ പാലത്തിനു പകരമായി സമീപത്തു തന്നെ വളവുകുറഞ്ഞ പ്രദേശത്താണു പുതിയപാലം പണിയുന്നത്. പാലം നിര്‍മാണ പ്രതിസന്ധി രണ്ടുവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം എന്നതിലുപരി ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിനിമയ മാര്‍ഗം എന്ന രീതിയില്‍ പ്രശ്‌നം ഇത്ര വഷളായിട്ടും രമ്യതയില്‍ പരിഹരിക്കാന്‍ ആവശ്യമായ ഉന്നതതല ഇടപെടലുകളോ ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ തമ്മിലോ ചര്‍ച്ച നടന്നിട്ടില്ല. അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേരളത്തിന്റെ നിലപാടിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രശ്‌നം രൂക്ഷമാവാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇരു സംസ്ഥാനങ്ങളും സ്വീകരിക്കാതിരിക്കുന്നത് പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിയിലേക്ക് വഴിമാറുകയും പാലം നിര്‍മാണം പൂര്‍ണമായും നിലക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.
പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.കെ ശ്രീമതി എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നേരില്‍കണ്ട് ആവശ്യപ്പെട്ടെങ്കിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പാലം നിര്‍മാണ പ്രതിസന്ധിക്കെതിരേ ബി.ജെ.പി കഴിഞ്ഞദിവസം കൂട്ടുപുഴയില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണമാണു കര്‍ണാടകയുടെ തടസവാദത്തിലും കേരളത്തിന്റെ നിസംഗതയിലും തട്ടി നിശ്ചലമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."