കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍; അസി. ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതടക്കം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ സാഹചര്യത്തില്‍ കൃഷി അസി. ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അടിമാലി കൃഷി അസി.ഡയറക്ടര്‍ കെ.പി വത്സലകുമാരിയെയാണ് കൃഷി വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ സസ്‌പെന്‍ഡ് ചെയ്തത്. അടിമാലി കൃഷി അസി. ഡയറക്ടര്‍ ഓഫിസില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിച്ചതടക്കമുള്ള വന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് സുപ്രഭാതമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കൃഷി വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയിട്ടും ജില്ലാതല മേലുദ്യോഗസ്ഥര്‍ വിവരം കൃഷി ഡയറക്ടര്‍ക്ക് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
അസി. ഡയറക്ടര്‍ കെ.പി വത്സലകുമാരിയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കും (13640100171162) ബിനാമി അക്കൗണ്ടുകളിലേക്കും കര്‍ഷകര്‍ക്കുള്ള പണം എത്തിയതായി കണ്ടെത്തിയിരുന്നു. ക്രമക്കേടുകള്‍ സംബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് സ്‌പെഷല്‍ വിജിലന്‍സ് സെല്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസി. ഡയറക്ടര്‍ തന്റെ കീഴിലുള്ള കൃഷി ഓഫിസര്‍മാരുടെ ഒത്താശയോടെ വന്‍ ക്രമക്കേടുകള്‍ വരുത്തിയതായി വിജിലന്‍സ് കണ്ടെത്തി.
കാഷ് ബുക്ക്, അക്വിറ്റന്‍സ് രജിസ്റ്റര്‍, കണ്ടിജന്റ് ബില്‍ രജിസ്റ്റര്‍, സ്‌റ്റോക്ക് രജിസ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടെ രേഖകള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തി. ലക്ഷക്കണക്കിനുള്ള സര്‍ക്കാര്‍ തുക വ്യക്തിഗത അക്കൗണ്ടിലും മറ്റ് അനര്‍ഹമായ അക്കൗണ്ടുകളിലും നിക്ഷേപിക്കുക വഴി ധനാപഹരണം നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അസി. ഡയറക്ടര്‍ എന്ന നിലയില്‍ കെ.പി വത്സലകുമാരി നടത്തിയ ബാങ്ക് ഇടപാടുകള്‍ സുതാര്യമല്ലെന്നും പണാപഹരണത്തിനായി വ്യാജരേഖകള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2013 ഏപ്രില്‍ ഒന്നു മുതല്‍ 2017 മര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലും വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ വകയിലും കര്‍ഷകരെ പ്രബുദ്ധരാക്കാന്‍ വിവിധ ബുക്ക്‌ലെറ്റുകള്‍ അച്ചടിച്ച വകയിലും പച്ചക്കറി - സുസ്ഥിര നെല്ല് വികസന പദ്ധതിയിലും വിവിധ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിച്ച വകയിലും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിലുമാണ് വെട്ടിപ്പ് നടന്നത്.
അടിമാലി അസി. ഡയറക്ടര്‍ ഓഫിസിലും അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, ബൈസണ്‍വാലി, പള്ളിവാസല്‍ കൃഷി ഭവനുകളിലുമാണ് ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."