മെയ്ക്കരുത്തില്‍
ഗോള്‍ഡ് കോസ്റ്റ്: തന്നിലര്‍പ്പിച്ച വിശ്വാസം സുശീല്‍ കുമാര്‍ മികച്ച പ്രകടനത്തിലൂടെ അടിവരയിട്ടപ്പോള്‍ ഇന്ത്യക്ക് ഗുസ്തിയില്‍ സുവര്‍ണ നേട്ടം. സുശീല്‍ കുമാറിനൊപ്പം രാഹുല്‍ അവരെയുടെ സുവര്‍ണ നേട്ടം ഇന്ത്യക്ക് ബോണസായി മാറുകയും ചെയ്തു. പുരുഷ വിഭാഗം ഗുസ്തിയില്‍ സുശീല്‍ കുമാര്‍ (74 കിലോ), രാഹുല്‍ അവരെ (57 കിലോ) എന്നിവരാണ് ഇന്നലെ സുവര്‍ണ താരങ്ങളായത്. വനിതാ വിഭാഗം ഗുസ്തിയില്‍ ബബിത കുമാരി (53 കിലോ) വെള്ളിയും കിരണ്‍ ബിഷ്‌നോയ് (76 കിലോ) വെങ്കലവും നേടി ഗുസ്തിയില്‍ നാല് മെഡലുകളാണ് ഇന്ത്യ വാരിയത്. പിന്നാലെ ഷൂട്ടിങ് വനിതാ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്ത് വെള്ളി സമ്മാനിച്ചു. ഒപ്പം അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ രണ്ട് മെഡല്‍ നേട്ടങ്ങളും ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ചു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ വെള്ളിയും നവ്ജീത് ധില്ലന്‍ വെങ്കലവും എറിഞ്ഞിട്ടു. 14 സ്വര്‍ണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമായി ഇന്ത്യ 31 മെഡലുകളോടെ മൂന്നാം സ്ഥാനത്ത് തുടരുന്നു. 63 സ്വര്‍ണവും 46 വെള്ളിയും 47 വെങ്കലവുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 28 സ്വര്‍ണവും 32 വെള്ളിയും 27 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്‍ക്കുന്നു. ദക്ഷിണാഫ്രിക്കയെ പിന്തള്ളി 12 സ്വര്‍ണവുമായി കാനഡ നാലാം സ്ഥാനത്തേക്ക് കയറി.
ഹാട്രിക്ക് തികച്ച് സുശീല്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഹാട്രിക്ക് സുവര്‍ണ നേട്ടം സ്വന്തമാക്കിയാണ് സുശീല്‍ ഗോദ വിട്ടത്. 2010ല്‍ 66 കിലോയിലും 2014ല്‍ 74 കിലോയിലും സ്വര്‍ണം ഗുസ്തി പിടിച്ച് നേടിയ സുശീല്‍ ഇത്തവണയും 74 കിലോയില്‍ തന്നെ നേട്ടം ആവര്‍ത്തിച്ചാണ് ഹാട്രിക്ക് തികച്ചത്. ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ജൊഹാന്നസ് ബോതയെ മലര്‍ത്തിയടിച്ച് പത്ത് പോയിന്റുകള്‍ നേടിയാണ് സുശീല്‍ കുതിച്ചത്. നാല് ഘട്ടങ്ങളിലായി 4, 2, 2, 2 എന്ന നിലയില്‍ ടെക്‌നിക്കല്‍ പോയിന്റുകള്‍ നേടി ഒരു പഴുത് പോലും നല്‍കാതെയാണ് സുശീല്‍ നേട്ടത്തിലെത്തിയത്.
കന്നി മെഡലുമായി രാഹുല്‍
57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവരെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം ഗുസ്തിപിടിച്ച് നേടി. കാനഡയുടെ സ്റ്റീവന്‍ തകഹഷിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
വനിതകളുടെ പോരാട്ടത്തില്‍ ബബിത കുമാരി 53 കിലോ ഫൈനലില്‍ കാനഡയുടെ ഡയാന വിക്കറിനോട് പരാജയപ്പെട്ടാണ് വെള്ളിയിലൊതുങ്ങിയത്. വനിതകളുടെ 76 കിലോയില്‍ മൗറീഷ്യസ് താരം കതൗസ്‌കിയ പരിധവനെ വീഴ്ത്തിയാണ് ഇന്ത്യയുടെ കിരണ്‍ ബിഷ്‌നോയ് വെങ്കലം നേടിയത്.
ഉന്നം പിടിച്ച് വെള്ളി
ഷൂട്ടിങ് പോരാട്ടത്തില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് ഇന്നലെ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലാണ് 618.9 പോയിന്റോടെ താരം വെള്ളി നേടിയത്. സിംഗപ്പൂര്‍ താരം മാര്‍ടിന വെലോസോ സ്വര്‍ണവും സ്‌കോട്‌ലന്‍ഡ് താരം സിയോനൈദ് എംസിന്റോഷ് വെങ്കലവും നേടി.
അത്‌ലറ്റിക്‌സിലും അക്കൗണ്ട് തുറന്നു
കാത്തിരുന്ന രണ്ട് മെഡലുകള്‍ ഇന്നലെ ഇന്ത്യക്ക് ലഭിച്ചു. അത്‌ലറ്റിക്‌സ് പോരാട്ടത്തിലും ഇന്നലെ ഇന്ത്യ മെഡല്‍ സ്വന്തമാക്കിയ ദിനമായിരുന്നു. വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ സീമ പൂനിയ വെള്ളിയും നവ്ജീത് ധില്ലന്‍ വെങ്കലവും നേടി രാജ്യത്തിന്റെ അഭിമാനം കാത്തു. 60.41 മീറ്റര്‍ താണ്ടിയാണ് സീമ രണ്ടാമതെത്തിയത്. നവ്ജീത് 57.43 മീറ്റര്‍ എറിഞ്ഞാണ് വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തില്‍ ആസ്‌ത്രേലിയന്‍ താരം ഡാനി സ്റ്റീവന്‍സ് ഗെയിംസ് റെക്കോര്‍ഡോടെ 68.26 ദൂരം പിന്നിട്ട് സുവര്‍ണ താരമായി.
അതേസമയം ലോങ് ജംപ് ഫൈനലില്‍ എത്തി പ്രതീക്ഷ നല്‍കിയ ഇന്ത്യയുടെ മലയാളി താരങ്ങളായ വി നീനയും നയന ജെയിംസും നിരാശപ്പെടുത്തി. നീന പത്താം സ്ഥാനത്തും നയന 12ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ഇന്ത്യന്‍ വനിതാ ടീം സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് 0-1ന് തോല്‍വി വഴങ്ങി. വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മനിക ബത്ര സെമിയിലേക്ക് കടന്നു. പരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി, സത്യന്‍ ഗനശേഖരന്‍ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മൂന്ന് ടീമുകളും പുരുഷ വിഭാഗം ഡബിള്‍സില്‍ രണ്ട് ടീമുകളും ക്വാര്‍ട്ടറിലേക്ക് എത്തി. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ സംഘം സെമിയിലേക്കെത്തി. ബാഡ്മിന്റണില്‍ പി.വി സിന്ധു, സൈന നേഹ്‌വാള്‍, റുത്വിക ഗാഡ്ഡെ എന്നിവര്‍ വനിതാ സിംഗിള്‍സിലും ലോക ഒന്നാം നമ്പര്‍ കെ ശ്രീകാന്ത്, മലയാളി താരം എച്.എസ് പ്രണോയ് എന്നിവര്‍ പുരുഷ സംഗിള്‍സിലും ക്വാര്‍ട്ടറിലേക്ക് കടന്നു. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ അവസാന എട്ടിലേക്ക് കടന്നു. സ്‌ക്വാഷില്‍ ദീപിക- സൗരവ് ഘോഷാല്‍ സഖ്യം മിക്‌സഡ് ഡബിള്‍സിന്റെ സെമിയിലേക്ക് മുന്നേറിയപ്പോള്‍ ജോഷ്‌ന ചിന്നപ്പ- ഹരിന്ദര്‍ പാല്‍ സന്ധു സഖ്യം പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."