മുഖച്ഛായ മാറ്റാന്‍ മൊബിലിറ്റി ഹബ്ബ്; ആദ്യ ചുവടായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു
കോഴിക്കോട്: ജില്ലയുടെ മുഖച്ഛായ മാറുന്ന രീതിയില്‍ നഗരത്തിലെ യാത്രാ ദുരിതം കുറയ്ക്കാനും വാഹനാപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനുമായി രൂപം നല്‍കുന്ന മൊബിലിറ്റി ഹബ്ബ്് നിര്‍മാണത്തിന്റെ ആദ്യ ചുവടുവയ്പ്പായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരണം. ഇത് സംബന്ധിച്ച് ഇന്നലെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക ആലോചനായോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ യു.വി ജോസ് നോഡല്‍ ഓഫിസറും റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുല്‍ മാലിക് കണ്‍വീനറുമായാണ് വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത്. മേയ് 12 നകം പ്രൊപൊസല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് എത്രയും വേഗം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ആലപ്പുഴയിലും കോഴിക്കോടുമായി രണ്ട് മൊബിലിറ്റി ഹബ്ബുകളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. കോഴിക്കോടിന് ഇത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണം.
പദ്ധതി സാക്ഷാല്‍കാരത്തിനായുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കോഴിക്കോട് എന്‍.ഐ.ടിയുടെ നേതൃത്വത്തില്‍ മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഏകദേശം 20 ഏക്കര്‍ ഭൂമി ആവശ്യമാണ്.
മോണോ റെയില്‍, കെ.എസ്.ആര്‍.ടി.സി, കനോലി കനാല്‍ വഴിയുള്ള ജലപാത തുടങ്ങിയവ മൊബിലിറ്റി ഹബ്ബുമായി സംയോജിപ്പിക്കും. ബസുകള്‍ക്കു പുറമേ 3000 കാറുകള്‍ക്കും 2000 ബൈക്കുകള്‍ക്കും പാര്‍ക്കിങ് സൗകര്യം ഉണ്ടാവും.
ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ നിയമ സാധുത പരിശോധിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. തദ്ദേശ ഭരണം, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, ഗതാഗതം, കൃഷി എന്നീ വകുപ്പുകളും കോര്‍പറേഷന്‍, നാറ്റ്പാക് എന്നിവയും പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.
എ. പ്രദീപ്കുമാര്‍ എം,എല്‍.എ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി ബാബു രാജ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, എന്‍.ഐ.ടിയിലെ പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."