നാളെ വിഷു: വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
തിരുവനന്തപുരം: സമൃദ്ധിയുടെ സന്ദേശവുമായി നാളെ വിഷു. നാടും നഗരവും വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നഗരത്തിന്റെ പ്രധാന വീഥികളുടെ ഓരത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരുടെ വില്‍പന തകൃതിയായിരുന്നു. വസ്ത്രസ്വര്‍ണവ്യാപാര സമുച്ഛയങ്ങളെല്ലാം വിഷുവിപണി ലക്ഷ്യമാക്കി വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്.
രാവിലെ കണികാണലും കൈനീട്ടവും മറ്റും കണ്ടശേഷം ഉച്ചയോടെ ഓണസദ്യക്ക് സമാനമായി വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലാണ് വീട്ടമ്മമാര്‍. മറ്റൊരു ചെറിയൊരുവിഭാഗമാകട്ടെ സദ്യമാത്രം ലഭിക്കുന്ന നഗരത്തിലെ ഫാമിലി ഹോട്ടലുകളെ ലക്ഷ്യമിടുന്നുണ്ട്.
ഇന്നലെ രാവിലെ മുതല്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വിഷു കെങ്കേമമാക്കാനുള്ള തിരക്ക് ആരംഭിച്ചത്.
കാര്‍ഷിക വിഭവങ്ങളും ചെറിയതോതില്‍ പടക്കങ്ങളുമായി വിഷുവിനെ വരവേല്‍ക്കാന്‍ കാത്തിരുന്ന വിപണിയെ നഗരനിവാസികള്‍ കൈയ്യൊഴിഞ്ഞതുമില്ല.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ വിഷുത്തിരക്ക് ആരംഭിച്ചിരുന്നു. ഗ്രാമങ്ങളില്‍ നിന്നും മറ്റുമെത്തിയ കണിക്കൊന്ന കച്ചവടക്കാരും കണിയൊരുക്കത്തിനുള്ള വിഭവങ്ങള്‍ വിറ്റഴിച്ച വഴിയോരക്കച്ചവടക്കാരും നഗരത്തില്‍ രാത്രിവൈകുവോളം സജീവമായിരുന്നു.
നാട്ടിന്‍പുറത്തു നിന്നു വ്യത്യസ്തമാണ് നഗരത്തിലെ കണിയൊരുക്കല്‍. കണിക്കൊന്നയും വെള്ളരിയുമൊക്കെ ചേര്‍ന്ന ഇന്‍സ്റ്റന്റ് കണി നഗരത്തില്‍ സുലഭമാക്കിയാണ് സൂപ്പര്‍മാര്‍ക്കറ്റുകാര്‍ വ്യത്യസ്തരായത്.
നഗരത്തിലെ മുക്കിലും മൂലയിലും ഇത്തരം കണിക്കച്ചവടം പൊടിപൊടിച്ചു. ചെറിയ കെട്ടുകളായാണ് കണിക്കൊന്ന വില്‍പ്പന നടത്തിയത്. 20 രൂപ മുതല്‍ അമ്പത് രൂപവരെയായിരുന്നു ഇവയുടെ വില. ചൈനീസ് പടക്കങ്ങള്‍ക്കൊപ്പം പരമ്പരാഗത ശൈലിയുള്ള നാടന്‍ പടക്കങ്ങള്‍ക്കും ആവശ്യക്കാരേറെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."