ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലെ വിഭാഗീയത കളിക്കളത്തിലും
കല്‍പ്പറ്റ: കഴിഞ്ഞ കുറെ മാസങ്ങളായി ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കളിക്കളത്തില്‍ തങ്ങളുടെ അനിഷ്ടക്കാരെ വെട്ടിനിരത്തുന്ന രീതിയിലേക്കാണ് സംഭവങ്ങള്‍ വന്നെത്തിയിരിക്കുന്നത്.
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബി, സി ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗാണ് വിഭാഗീയതക്ക് അവസാനമായി വേദിയായത്. കഴിഞ്ഞ ദിവസം ആരംഭിച്ച ടൂര്‍ണമെന്റില്‍ നിന്ന് വൈകിയെത്തിയെന്ന് ആരോപിച്ച് മൂന്ന് ടീമുകളെയാണ് ഇതിനകം ഡീബാര്‍ ചെയ്തത്. എന്‍.എം.എസ്.എം ഗവ. കോളജ് കല്‍പ്പറ്റ, യാസ് കമ്പളക്കാട്, ഇന്‍സൈറ്റ് പനമരം എന്നീ ടീമുകളെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തിന് വൈകിയെത്തിയെന്ന് കാണിച്ചാണ് ഡീബാര്‍ ചെയ്തത്. എന്നാല്‍ തങ്ങള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സംഘാടകരെ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും പിന്നീട് 3.20 ആയപ്പോള്‍ എത്തിയ സംഘാടകര്‍ ടീം വൈകിയാണെന്ന് എത്തിയതെന്ന് ആരോപിച്ച് ഫോം നല്‍കാതിരിക്കുകയായിരുന്നെന്നുമാണ് ടീം അധികൃതര്‍ അവകാശപ്പെടുന്നത്. ഫിക്‌സ്ചറില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും ഇതും ടീമുകളെ അറിയിച്ചിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് ഇന്നലെ മറ്റ് ടീമുകള്‍ മത്സരങ്ങള്‍ക്കായി എത്തിയപ്പോള്‍ ഡീബാര്‍ ചെയ്യപ്പെട്ട ടീമുകളുടെ അധികൃതര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഗ്രൗണ്ടില്‍ നിലയുറപ്പിച്ച ഇവര്‍ കളി നടത്താന്‍ അനുവദിക്കുകയില്ലെന്നും അറിയിച്ചു. തുടര്‍ന്ന് പൊലിസ് അടക്കം എത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ഇവരില്‍ ആരെങ്കിലും ഗ്രൗണ്ടിലെത്തിയതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍ ഇവരാരും സ്ഥലത്തെത്തിയില്ല. പിന്നീട് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിലപ്പോയില്ല. ഇതിനിടിയില്‍ മത്സരം നിയന്ത്രിക്കാനെത്തിയ റഫറിമാര്‍ ഗ്രൗണ്ട് വിട്ടു. മത്സരം ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയാണെന്നും തുടര്‍നടപടികളെ കുറിച്ച് ക്ലബുകള്‍ക്ക് രേഖാമൂലമുള്ള അറിയിപ്പ് എത്തിച്ച് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് സമരക്കാര്‍ പിന്‍വാങ്ങിയത്. അതിനിടെ വര്‍ഷങ്ങളായി പങ്കെടുക്കാറുള്ള സംസ്ഥാന ക്ലബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ വയനാട്ടില്‍ നിന്നും ടീം പങ്കെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. എ ഡിവിഷന്‍ ലീഗ് ഡി.എഫ്.എ നടത്താത്തതാണ് ചാംപ്യന്‍ഷിപ്പില്‍ വയനാടന്‍ സാനിധ്യം ഇല്ലാതാക്കിയതെന്നും ഇവര്‍ ആരോപിച്ചു.
വൈകിയെത്തിയ ടീമുകളെ മാറ്റിനിര്‍ത്തി: സഫറുല്ല
കല്‍പ്പറ്റ: കഴിഞ്ഞദിവസം സമയം വൈകിയെത്തിയ ടീമുകളെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും അതിനെതുടര്‍ന്ന് വെള്ളിയാഴ്ച ക്ലബ് അധികൃതരെത്തി കളി മുടക്കുകയായിരുന്നുവെന്നും ഫുട്ബാള്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി സഫറുല്ല പറഞ്ഞു.
വൈകിയെത്തിയവരെ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ നിയമപ്രകാരം കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ജില്ല ബി, സി ഡിവിഷന്‍ ലീഗ് വെള്ളിയാഴ്ച മുടങ്ങിയകാര്യം കേരള ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദേശത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."