ഗോപിനാഥ പിള്ളയുടെ അപകട മരണം; പൊലിസ് അന്വേഷണം തുടങ്ങി
ചേര്‍ത്തല (ആലപ്പുഴ): ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ഷെയ്ഖി (പ്രാണേഷ് കുമാര്‍) ന്റെ പിതാവ് ഗോപിനാഥ് പിള്ളയുടെ അപകടമരണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം അപകടസ്ഥലത്തും ഇടിച്ച വാഹനങ്ങളിലും വിശദമായ പരിശോധനകള്‍ നടത്തി.
ദേശീയപാത വയലാര്‍ കവലയില്‍ അപകടം നടന്ന സമയത്ത് കടന്നുപോയ വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ഗോപിനാഥ പിള്ള സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നാലുവരിപ്പാതയുടെ മധ്യഭാഗത്തെ ഡിവൈഡറില്‍ തട്ടുകയായിരുന്നു. ഗോപിനാഥ പിള്ള സഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജു നേരത്തെ പൊലിസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ടാങ്കര്‍ ലോറി ഗോപിനാഥ പിള്ളസഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിച്ചതു കൊണ്ടാണ് കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് മറിയാന്‍ കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. കാറില്‍ മറ്റേതോവാഹനം ഇടിച്ച അടയാളവുമുണ്ട്. ദേശീപാതയിലുള്ള സി.സി.ടി.വി അന്വേഷണ സംഘം പരിശോധിച്ചതില്‍ കാറില്‍ ഒന്നിലധികം വാഹനങ്ങള്‍ ഇടിച്ചതായി കണ്ടെത്തിട്ടുണ്ട്. പട്ടണക്കാട് പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന കലവൂര്‍ കെ.എസ്.ഡി.പിയുടെ ഉടമസ്ഥതയിലുള്ള ലോറിയിലും പരിശോധന നടത്തി. ഗോപിനാഥപിള്ളയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം രാവിലെ വീട്ടില്‍ കൊണ്ടുവന്നു. മൃതദേഹത്തോടൊപ്പം വീട്ടിലേക്ക് ജാവേദ് ഗുലാം ശൈയ്ഖിന്റെ ഭാര്യ സാജിദയും മൂത്ത മകന് അബൂബക്കര്‍ സിദ്ദീഖും എത്തിയിരുന്നു. ആര്. രാജേഷ് എം.എല്‍.എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."