'തീവ്രവാദി' പരാമര്‍ശം; നേതാക്കളെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍
തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായ സര്‍വേയ്‌ക്കെതിരേ പ്രതിഷേധിച്ചവരെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും ആക്ഷേപിച്ച പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിനു സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍.
നേതാക്കളുടെ പരാമര്‍ശങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം വലിയപറമ്പ് കരിപറമ്പത്ത് മുനീറിനെയാണ് പ്രാഥമികാംഗത്വത്തില്‍നിന്നു ജില്ലാ നേതൃത്വം ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്.
കര്‍ഷകസംഘം തിരൂരങ്ങാടി ഏരിയാ വൈസ് പ്രസിഡന്റ്, കര്‍ഷക സംഘം എ.ആര്‍ നഗര്‍ വില്ലേജ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്ന മുനീറിനാണ് സി.പി.ഐ.എം അരീത്തോട് ബ്രാഞ്ച് ചുമതല. എ.ആര്‍ നഗര്‍ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത എ.ആര്‍ നഗര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ സമീറിന്റെ സഹോദരനാണ് മുനീര്‍. ദേശീയപാത സ്ഥലമെടുപ്പിനെ തുടര്‍ന്ന് എ.ആര്‍ നഗര്‍ വലിയപറമ്പ്, അരീത്തോട് എന്നിവിടങ്ങളിലുണ്ടാ പൊലിസ് അതിക്രമങ്ങളും അനിഷ്ടസംഭവങ്ങളുമാണ് മുനീറിനെതിരേയുള്ള പാര്‍ട്ടി നടപടിയിലേക്കു കാര്യങ്ങളെത്തിച്ചത്.
ജനവാസകേന്ദ്രത്തിലൂടെ സര്‍വേ നടത്താനുള്ള ശ്രമങ്ങളാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒറ്റക്കെട്ടായി തടഞ്ഞിരുന്നത്. കഴിഞ്ഞ ആറിനായിരുന്നു സംഭവം. ഇതിനിടെയുണ്ടായ പൊലിസ് അതിക്രമത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു.
ഇതില്‍ ഉള്‍പ്പെട്ടവരെയാണ് മന്ത്രി ജി. സുധാകരന്‍, എ. വിജയരാഘവന്‍ എന്നിവര്‍ ആക്ഷേപിച്ചിരുന്നത്. നേതാക്കളുടെ ഈ പരാമര്‍ശത്തിനെതിരേ അന്നു രാത്രിതന്നെ മുനീര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
സംഭവം വിവാദമായതോടെ പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു പോസ്റ്റ് പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുനീറിനോടു വിശദീകരണം ആവശ്യപ്പെടുകയും വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച മുനീറിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തീവ്രവാദി പ്രയോഗത്തിന്റെ പ്രതിഷേധങ്ങളുടെ ചൂടാറുംമുന്‍പു മുനീറിന്റെ സസ്‌പെന്‍ഷനുംകൂടിയായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രോഷാകുലരാണ്.
നേതാക്കള്‍ നടത്തിയ തീവ്രവാദി പ്രയോഗത്തിനെതിരേ അന്നുതന്നെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."