പ്രതിഷേധങ്ങള്‍ വിഭാഗീയതക്ക് കാരണമാകരുത്: ഹൈദരലി തങ്ങള്‍
കോഴിക്കോട്: കത്‌വ സംഭവത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി ഒത്തൊരുമിച്ച് നില്‍ക്കുമ്പോള്‍ അതിന് വിള്ളല്‍ വരുത്തുന്ന പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മനുഷ്യന്റെ മാനവും ജീവനും നശിപ്പിക്കുന്ന അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശനശിക്ഷ വാങ്ങിക്കൊടുക്കാനും ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും മത, ജാതി, ദേശചിന്തകള്‍ക്കതീതമായി രാജ്യം കൈകോര്‍ക്കുകയാണ് വേണ്ടത്.
കത്‌വ സംഭവത്തില്‍ നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് മുസ്‌ലിംലീഗും മുന്നിട്ടിറങ്ങുകയാണ്. നിരവധി പ്രസ്ഥാനങ്ങളും നീതിപീഠവുമെല്ലാം സംഭവത്തെ ഗൗരവതരമായി സമീപിച്ചിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ സ്ഥാപിതതാല്‍പര്യക്കാര്‍ ഒരുക്കുന്ന കെണിയിലേക്കാണ് എത്തിച്ചേരുന്നത്.
കത്‌വ- ഉന്നാവോ സംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. പക്ഷേ ഇതിലുള്ള രോഷവും സങ്കടവും പ്രതിഷേധവുമെല്ലാം വഴിവിട്ട രീതിയില്‍ പ്രകടിപ്പിക്കുന്നതിലൂടെ പൊതുസമൂഹത്തിന് ദ്രോഹകരവും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണവുമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. ആ പെണ്‍കുട്ടിയോട് കാണിച്ച മനുഷ്യത്വരഹിതമായ ക്രൂരത ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം പ്രതിഷേധത്തിലെ അനിഷ്ട സംഭവങ്ങളിലേക്ക് ജനശ്രദ്ധ വഴിമാറുന്നത് ഗുണകരമല്ല എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം.
പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും സംയമനം കൈവിടരുത്. സമാധാനഭംഗവും വിഭാഗീയതയും സൃഷ്ടിക്കുംവിധമുള്ള നിരുത്തരവാദപരമായ സമര മാര്‍ഗങ്ങളില്‍ പങ്കാളികളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."