വിദ്യാര്‍ഥിനികളെ വശീകരിച്ച സംഭവം: കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു വനിതാ മാധ്യമപ്രവര്‍ത്തകയോട് ഗവര്‍ണര്‍ മാപ്പ് ചോദിച്ചു
കോയമ്പത്തൂര്‍:ഉയര്‍ന്ന മാര്‍ക്കും ബിരുദവും പണവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനികളെ വനിത പ്രൊഫസര്‍ ലൈംഗിക വേഴ്ചക്കു പ്രേരിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്‌നാട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പ്രൊഫസര്‍ നിര്‍മലാ ദേവിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു വേണ്ടിയാണ് താന്‍ ഇതു ചെയ്തതെന്ന് പ്രൊഫ. നിര്‍മലാ ദേവിയുടെ പരാമര്‍ശം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് നിര്‍മലാദേവിയെ അറിയില്ലെന്ന് പറഞ്ഞുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറെ കേന്ദ്രം തിരിച്ചു വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികളും പ്രക്ഷേഭത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ ഗവര്‍ണര്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് ചോദിച്ചു. പ്രതിഷേധം ശക്തമായി നില്‍ക്കുന്നതിനിടയില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നേരത്തെ തഞ്ചാവൂരില്‍ ഒരു പരിപാടിക്കിടയില്‍ ഗവര്‍ണര്‍ ഒരു യുവതിയുടെ അടുത്തേക്ക് പോയത് വിവാദം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."